Kerala
The family of Shahana, who committed suicide in Thiruvallam, files a complaint to the Kerala CM Pinarayi Vijayan, Family of Shahana files complaint to Kerala CM
Kerala

'പ്രതികള്‍ സ്വാധീനം വഴി രക്ഷപ്പെട്ടേക്കാം'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി തിരുവല്ലം ഷഹാനയുടെ കുടുംബം

Web Desk
|
7 Jan 2024 1:43 PM GMT

''വിവാഹശേഷം ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നുമുണ്ടായ മാനസികവും ശാരീരികവുമായ ഉപദ്രവവും സ്ത്രീധന പീഡനവുമാണ് മകളുടെ മരണത്തിനു കാരണം. വിവാഹത്തിന്റെ ആദ്യനാളുകൾ തൊട്ടേ ഭർതൃവീട്ടിൽ പീഡനമായിരുന്നു. ഫോൺ പോലും നൽകിയില്ല.''

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പരാതി നൽകി തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ കുടുംബം. സ്ത്രീധന-ശാരീരിക പീഡനത്തെ തുടർന്നാണ് മകളുടെ മരണമെന്ന് പരാതിയില്‍ പറയുന്നു. സാമ്പത്തികമായ ഉയര്‍ന്ന നിലയിലുള്ള പ്രതികൾ സ്വാധീനത്തിലൂടെ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും കുടുംബം ആരോപിച്ചു.

വിവാഹശേഷം ഭർത്താവ് നൗഫലിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നുമുണ്ടായ മാനസികവും ശാരീരികവുമായ ഉപദ്രവവും സ്ത്രീധന പീഡനവുമാണ് മകളുടെ മരണത്തിനു കാരണമെന്നു പരാതിയില്‍ ആരോപിച്ചു. വിവാഹത്തിന്റെ ആദ്യനാളുകൾ തൊട്ടേ ഭർതൃവീട്ടിൽ പീഡനമായിരുന്നു. ഫോൺ പോലും നൽകിയില്ല. വീട്ടിൽ ഒരു തരത്തിലുമുള്ള സ്വാതന്ത്ര്യവും നൽകിയില്ല. കടിക്കുകയും ചവിട്ടുകയും അടിക്കുകയും ചെയ്തതിനെ തുടർന്ന് മകൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനുശേഷം മകളെ സ്വന്തം വീട്ടിലേക്കു കൊണ്ടുവന്നു. ഇതിനുശേഷം ഫോൺ വിളിച്ചാൽ നൗഫൽ ദേഷ്യപ്പെടുകയും തിരക്കിലാണെന്നു പറഞ്ഞ് ഒഴിവാക്കുകയും ചെയ്യുകയായിരുന്നു. ഇത് മകളെ മാനസികമായ ഏറെ തളർത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

''മകൾ ഗർഭിണിയായ സമയത്ത് കുഞ്ഞിനു വൃക്ക സംബന്ധമായ പ്രശ്‌നമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. കുഞ്ഞിന്റെ ചികിത്സ അധികബാധ്യതയാകുമെന്നു പറഞ്ഞു മകളെ മാനസികമായി പീഡിപ്പിച്ചിരുന്നു. പലതവണ മകളെ ക്രൂരമായി ഉപദ്രവിച്ചു. മകളുടെ മരണത്തില്‍ ഇതുവരെയും പ്രതികളെ കണ്ടെത്താനായിട്ടില്ല. സാമ്പത്തികമായി ഉയർന്നനിലയിലുള്ള പ്രതികൾ പലരെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്.''

കടക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ നവാസ് എന്ന വ്യക്തി പ്രതികളെ രക്ഷപ്പെടുത്താനുള്ള സഹായം നൽകി. ഇതു മനസിലാക്കിയ തിരുവല്ലം പൊലീസ് എസ്.എച്ച്.ഒ കമ്മിഷണർക്കു തെളിവുകൾ സമർപ്പിക്കുകയും പൊലീസ് ഓഫിസറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇങ്ങനെയുള്ള ബാഹ്യ ഇടപെടലുകൾ കാരണം പ്രതികളെ പിടികൂടാൻ സാധിക്കാതെ വരികയാണ്. ഇതിനെതിരെ തക്കതായ നടപടികൾ വേണമെന്നും ഷഹാനയുടെ കുടുംബം ആവശ്യപ്പെട്ടു.

കേസില്‍ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കടക്കല്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ നവാസിനെയാണ് സസ്പെൻഡ് ചെയ്തത്. ഷഹാനയുടെ മരണത്തിൽ ഭര്‍ത്താവ് നൗഫലിനെതിരെ ഗാര്‍ഹിക പീഡന വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ ഒളിവിലാണ്. നൗഫല്‍ ഉപയോഗിച്ചിരുന്ന ഫോണും കാറും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

Summary: The family of Shahana, who committed suicide in Thiruvallam, files a complaint to the Kerala CM Pinarayi Vijayan

Similar Posts