Kerala
എംപി മരണവീട്ടിൽ വന്ന് കരയുന്നവരെ ആശ്വസിപ്പിച്ചാൽ മാത്രം പോര;   ആന്റോ ആന്റണിയോട് കയർത്ത് കാട്ടാനയാക്രമണത്തിൽ മരിച്ചയാളുടെ കുടുംബം
Kerala

"എംപി മരണവീട്ടിൽ വന്ന് കരയുന്നവരെ ആശ്വസിപ്പിച്ചാൽ മാത്രം പോര"; ആന്റോ ആന്റണിയോട് കയർത്ത് കാട്ടാനയാക്രമണത്തിൽ മരിച്ചയാളുടെ കുടുംബം

Web Desk
|
1 April 2024 5:59 AM GMT

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിനെ മരണത്തിന് മുന്നിലേക്കെറിഞ്ഞു കൊടുത്തത് ഫോറസ്‌റ്റെന്ന് മന്ത്രി

തുലാപ്പള്ളി: പത്തനംതിട്ടയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദർശിച്ച ആന്റോ ആന്റണി എം പിയോട് കയർത്ത് ബിജുവിന്റെ കുടുംബം.

എത്രയോ കാലം ആന്റോ ആന്റണിക്കായി കൊടിപിടിച്ചതാണ് തങ്ങൾ, ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും മരിച്ചു തീർന്നാൽ മാത്രമേ എംപി എന്തെങ്കിലും നടപടി സ്വീകരിക്കുകയുള്ളോ, എന്തിന് വേണ്ടിയാണ് ഞങ്ങൾ നിങ്ങളുടെ പുറകെ നടക്കുന്നതെന്ന് എന്ന് ഒരു കുടുംബാഗം എംപിയോട് ചോദിച്ചു.

15 വർഷം ഭരിച്ചിട്ടും ദുരിതമനുഭവിക്കുന്ന കർഷകരെക്കുറിച്ച് എംപി ഓർത്തില്ലെന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്. എംപി മരണവീട്ടിൽ വരുന്നത് നല്ലതാണ് എന്നാൽ ആ വന്നുപോക്കുകൊണ്ട് മാത്രമായില്ല. വൈദ്യുതവേലിക്കായി പലതവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. നടപടിയെടുക്കാത്തതിനാൽ വോട്ട് ബഹിഷ്‌കരണത്തിലൂടെയായിരിക്കും പ്രതികരിക്കുക. ആളുകളെ ആശ്വാസപ്പെടുത്തിയത് കൊണ്ട് മാത്രമായില്ല എന്നും ഇയാൾ കൂട്ടിച്ചേർത്തു.

തന്നോട് കയർത്തവരോട് എംപി മറുപടി പറഞ്ഞു.

അടുത്തിടെ മറ്റൊരിടത്ത് നടന്ന കാട്ടാനയാക്രമണത്തെക്കുറിച്ച് പറഞ്ഞ എംപി കിടങ്ങുകൾ കുഴിക്കാതെയും വൈദ്യുതവേലി നിർമിക്കതെയും വനംവകുപ്പാണ് ആളുകളെ മരണത്തിന് മുന്നിൽ എറിഞ്ഞുകൊടുത്തതെന്ന് ആരോപിച്ചു. പ്രശ്‌നങ്ങൾക്ക് ഉടനടി തന്നെ തീരുമാനമുണ്ടാക്കുമെന്നും എംപി കൂട്ടിച്ചർത്തു. വന്യമൃഗങ്ങളെക്കാളും ആക്രമകാരികളാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെന്നും എംപി പറഞ്ഞു.

പിന്നാലെ കണമല ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധമരങ്ങേറിയതിലും എംപി പങ്കെടുത്തു. പുലർച്ചെ ഒന്നരയോടെ വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ ബിജു മരിച്ചു. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.

Similar Posts