'പപ്പ തന്നെ പറഞ്ഞു നെഞ്ചിനാ ചവിട്ടിയതെന്ന്, രാഷ്ട്രീയ നേതാവോ മന്ത്രിയോ ആയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ?'; പോളിന്‍റെ മകള്‍ സോന
|വയനാട് കലക്ടർ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കുടുംബം
വയനാട്:ചികിത്സയിലെ വീഴ്ച കൊണ്ടാണ് പോളിന്റെ ജീവൻ നഷ്ടപ്പെട്ടതെന്ന് ആവർത്തിച്ച് കുടുംബം. ശസ്ത്രക്രിയ നടത്തിയാണ് മാനന്തവാടി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോയതെന്ന രീതിയിൽ വാർത്തകൾ കണ്ടു. അത് തീർത്തും തെറ്റാണെന്ന് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്‍റെ മകള്‍ സോന മീഡിയവണിനോട് പറഞ്ഞു.
'അങ്ങനെയൊരു ശസ്ത്രക്രിയ നടന്നിട്ടില്ലെന്ന് എനിക്ക് ഉറപ്പാണ്. വാരിയെല്ലിന് പൊട്ടലുണ്ട്..അതുകൊണ്ട് ശ്വാസകോശത്തിന് പ്രശ്‌നമുണ്ടെന്നും ആന്തരിക രക്തസ്രാവമുണ്ടെന്നുമാണ് ഡോക്ടർമാർ എന്നോട് പറഞ്ഞത്. ഒരു കെട്ടിടം ഉണ്ടാക്കി വയനാട് മെഡിക്കൽ കോളജ് എന്ന പേര് കൊടുത്തു എന്നല്ലാതെ വേറെ ഒരു ഗുണവും അതുകൊണ്ട് ഉണ്ടായിട്ടില്ല'.. സോന പറഞ്ഞു.
'ഇനി ഒരാൾക്കും അച്ഛനെ നഷ്ടപ്പെടരുതെന്നും തന്റെ ഗതി ആർക്കും വരരുതെന്നും മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ പറഞ്ഞിരുന്നു.എന്നാൽ ഏഴാം ദിവസം ഞാൻ കരഞ്ഞു. വയനാട് ജില്ലാ കലക്ടർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു ജീവനായിരുന്നു അവിടെ തുടിച്ചിരുന്നത്. ഒരു പട്ടിയുടെയും പൂച്ചയുടെയും ജീവനുള്ള വില പോലും പപ്പക്ക് കിട്ടിയില്ല.ജീവന് വേണ്ടി മല്ലിടുകയായിരുന്നു എന്റെ പപ്പ. ഒരു രാഷ്ട്രീയ പ്രവർത്തകനോ മന്ത്രിയോ ആയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ..അയാൾക്ക് വേണ്ട ചികിത്സ കൊടുക്കില്ലേ..കോഴിക്കോടല്ല,വേറെ എവിടെ വേണമെങ്കിലും എത്തിക്കും. ഇവിടെ കിട്ടാത്ത മരുന്ന് പോലും എത്തിക്കും'..സോന പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. നഷ്ടപരിഹാരം, കുടുംബത്തിൽ ഒരാൾക്ക് ജോലി തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാലെ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് ബന്ധുക്കൾ.