വരാപ്പുഴയിൽ ഒരു കുടുംബത്തെ കാണാതായിട്ട് നാലു വർഷം; ദുരൂഹത
|തമിഴ്‌നാട് സ്വദേശി ചന്ദ്രനെയും കുടുംബത്തെയുമാണ് കാണാതായത്
കൊച്ചി: എറണാകുളം വരാപ്പുഴയിൽ നിന്ന് തമിഴ് കുടുംബത്തെ കാണാതായിട്ട് നാലുവർഷം. തമിഴ്‌നാട് സ്വദേശി ചന്ദ്രനെയും കുടുംബത്തെയുമാണ് കാണാതായത്. ഇവരുടെ വീടും കാറും കാട് കയറി നശിക്കുകയാണ്. നാട്ടുകാർ തമിഴ്‌നാട്ടിൽ പോയി അന്വേഷിച്ചിട്ടും കുടുംബത്തെ കണ്ടെത്താനായില്ല.
ചന്ദ്രനും ഭാര്യ കണ്ണകിയും വസ്ത്രവ്യാപാരത്തിനായി എറണാകുളത്ത് എത്തിയത്. തുടര്‍ന്നാണ് ഇവര്‍ വരാപ്പുഴയില്‍ ഏഴ് സെന്‍റ് ഭൂമി വാങ്ങി 2000 സ്വയർ ഫീറ്റുള്ള വീടും പണി തുടങ്ങിയത്. വീടിന്‍റെ നിര്‍മാണം 80 ശതമാനത്തോളം പൂര്‍ത്തിയാകുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ഒരു ഇന്നോവ കാറും ഇവിടെ കാടുകയറിക്കിടക്കുന്നുണ്ട്. ഇടക്കിടക്ക് വരാപ്പുഴയിലെത്തി വീടുപണിയുടെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്ന ഇവരെ 2018 ലെ വെള്ളപ്പൊക്കത്തിന് ശേഷം ഒരു തവണ മാത്രമാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു.പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. വീടും കാറും സ്ഥലവും കാടുമൂടുന്നത് കണ്ട നാട്ടുകാര്‍ രണ്ടുവര്‍ഷം മുന്‍പ് വരാപ്പുഴ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇവരെ കണ്ടെത്താനായില്ല.
തുടര്‍ന്ന് നാട്ടുകാര്‍ സ്വന്തം നിലയിലും അന്വേഷണം നടത്തി. ഭൂമി വാങ്ങുന്ന സമയത്ത് നല്‍കിയ വോട്ടര്‍ ഐഡിയുടെ ഫോട്ടോ കോപ്പിയിലെ അഡ്രസ് വെച്ച് ഒരുപാട് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് വീടുപണിയുടെ കരാര്‍ ഏറ്റെടുത്ത കരാറുകാരനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചന്ദ്രനും ഭാര്യക്കും മൂന്ന് മക്കളാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. മക്കള്‍ ഊട്ടിയില്‍ പഠിക്കുകയാണെന്നാണ് അറിവെന്നും നാട്ടുകാര്‍ പറയുന്നു.
അഞ്ചുപേരടങ്ങുന്ന കുടുംബത്തിന് എന്തുസംഭവിച്ചു എന്ന് അറിയണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.