Kerala
Famous for controversy; Criticizing Saji Cherian on stage. Divakaran, latest news malayalam വിവാദങ്ങൾ കൊണ്ട് പ്രശസ്തൻ; സജി ചെറിയാനെ വേദിയിലിരുത്തി വിമർശിച്ച് സി. ദിവാകരൻ
Kerala

വിവാദങ്ങൾ കൊണ്ട് പ്രശസ്തൻ; സജി ചെറിയാനെ വേദിയിലിരുത്തി വിമർശിച്ച് സി. ദിവാകരൻ

Web Desk
|
29 Aug 2024 12:34 PM GMT

മുകേഷ് വിഷയത്തിൽ 'നോ കമൻ്റ് ' എന്ന് സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ഉയരുന്ന വിവാദങ്ങൾക്കിടെ മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി വിമർശിച്ച് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ. സജി ചെറിയാനെ എനിക്കൊരുപാട് ഇഷ്ടമാണ്. സജി ചെറിയാൻ വിവാദങ്ങൾ കൊണ്ട് പ്രശസ്തനെന്നും ഇനി കൂടുതൽ വിവാദങ്ങളിൽ ചെറിയാൻ പെടാതിരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

സിനിമ മേഖല ഇങ്ങിനെ പോയാൽ മതിയോ എന്ന് സർക്കാർ ചിന്തിക്കണം. കേരളത്തിൻ്റെ സാംസ്കാരിക പാരമ്പര്യത്തിനൊത്ത മാറ്റങ്ങൾ സിനിമ മേഖലയിൽ വരണം. സിനിമയെ നവീകരിക്കാനുള്ള സർക്കാരിന്റെ നല്ല ഉദ്ദേശത്തെ പിച്ചിച്ചീന്തുകയാണ് ഇപ്പോഴത്തെ വിവാദം. പറയുന്നവർ പറയട്ടെ, അതിനെ മൈൻഡ് ചെയ്യേണ്ട ആവശ്യമില്ല. സി. ദിവാകരൻ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ മാധ്യമങ്ങളെ വിമർശിച്ച് സജി ചെറിയാൻ രം​ഗത്തു വന്നു. ആരെയും കുറിച്ച് എന്തും പറയാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നാണ് സജി ചെറിയാന്റെ പ്രതികരണം. തെറ്റ് ചൂണ്ടിക്കാണിക്കുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ അതെല്ലാം സമൂഹത്തെ എങ്ങിനെ ബാധിക്കുമെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിമർശനം സാമൂഹ്യ നന്മക്കുള്ളതാകട്ടെയെന്നും സജി ചെറിയാൻ പ്രതികരിച്ചു.

അതേസമയം മുകേഷ് വിഷയത്തിൽ അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല. കോടതി പരിഗണനയിലുള്ള വിഷയത്തിൽ 'നോ കമൻ്റ് ' എന്നായിരുന്നു മറുപടി. പക്ഷെ സിനിമ നയരൂപീകരണ കമ്മിറ്റിയിൽ മുകേഷ് തുടരുന്നതിൽ മന്ത്രി വിചിത്ര ന്യായീകരണമാണ് നൽകിയത്. 11 പേരുടെത് സിനിമാ നയരൂപീകരണ കമ്മറ്റിയല്ലെന്നും നയം രൂപീകരിക്കേണ്ടത് സർക്കാരും ക്യാബിനറ്റുമാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. കമ്മിറ്റിയുടെ ചുമതല പ്രാഥമിക രൂപം ഉണ്ടാക്കൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts