ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങൾക്കൊപ്പം എം.സി കമറുദ്ദീനെയും ചോദ്യം ചെയ്തേക്കും
|പൂക്കോയ തങ്ങളെയും എം.സി കമറുദ്ദീനേയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യപ്രതി പൂക്കോയ തങ്ങൾക്കൊപ്പം മുൻ എം.എൽ.എ എം.സി കമറുദ്ദീനെയും ചോദ്യം ചെയ്തേക്കും. ആസ്ഥികൾ സംബന്ധിച്ചാവും ചോദ്യം ചെയ്യൽ. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന വ്യവസ്ഥയിലാണ് എം.സി കമറുദ്ദീന് ജാമ്യം ലഭിച്ചത്.
ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയ പൂക്കോയ തങ്ങളെ നാല് ദിവസത്തേക്ക് കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു. അന്വേഷണ സംഘം പൂക്കോയ തങ്ങളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലാണ് വിശദമായി ചോദ്യം ചെയ്യൽ. പൂക്കോയ തങ്ങളെയും എം.സി കമറുദ്ദീനേയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
അനധികൃത പണമിടപാട് സംബന്ധിച്ച തെളിവുകൾ ഇതിലൂടെ ശേഖരിക്കാനാവുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. ശേഷം ഫാഷൻ ഗോൾഡ് സ്ഥാപനങ്ങളുടെ ഡയറക്ടർമാരെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 164 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കൂടുതൽ കേസുകളിൽ പൂക്കോയ തങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൂക്കോയ തങ്ങൾ നൽകിയ ജാമ്യാപേക്ഷ ഹൊസ്ദുർഗ് കോടതി ഇന്ന് പരിഗണിക്കും.