'സിൻജോ തലവെട്ടുമെന്ന് അവർ പറഞ്ഞു'; സിദ്ധാർഥനെ കൊന്നു കെട്ടിത്തൂക്കിയെന്ന് അച്ഛൻ ജയപ്രകാശ്
|''സിൻജോ ആണ് സിദ്ധാർഥനെ ഇത്രയും ക്രൂരമായി എല്ലാം ചെയ്തത്. അവന് പാർട്ടിയുടെ സംരക്ഷണമുണ്ട്.''
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമാണെന്ന് അച്ഛൻ ജയപ്രകാശ്. ഇപ്പോൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നില്ല. പ്രതികൾക്ക് സി.പി.എമ്മിന്റെ പൂർണസംരക്ഷണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയപ്രകാശ്. കുറ്റവാളികളെ പിടിച്ചിട്ടുണ്ടല്ലോ. ഉദ്യോഗസ്ഥരിൽ വിശ്വാസമുണ്ട്. അതുകൊണ്ട് ഇപ്പോൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നില്ല. എന്നാൽ, ഇവർക്കെതിരെ ചുമത്തുന്ന കുറ്റങ്ങൾ നോക്കും. ഇതിനുശേഷമായിരിക്കും തുടർനടപടികലെന്നും അദ്ദേഹം വ്യക്തമാക്കി.
''സിദ്ധാർഥന്റെ സുഹൃത്തുക്കളാണ് സിൻജോയെ കുറിച്ച് എന്നോട് പറഞ്ഞത്. പറയാതെ പോയാൽ സമാധാനം കിട്ടില്ലെന്ന് അവർ പറഞ്ഞു. പുറത്തുപറഞ്ഞാൽ സിൻജോ തലവെട്ടുമെന്ന് അവർ പറഞ്ഞു.
സിൻജോയും സുഹൃത്തുക്കളും ചേർന്ന് സിദ്ധാർഥിനെ ഹോസ്റ്റൽ മുറിയിലിട്ട് തീർത്തുകളഞ്ഞ ശേഷം തൂക്കിയതാണെന്ന് അവർ പറഞ്ഞു. ആരോടും ഒന്നും പറയരുതെന്നും നിങ്ങൾ പോരാടണമെന്നും ആവശ്യപ്പെട്ട് അവർ പോകുകയായിരുന്നു. ഇതിനുശേഷമാണ് മകൻ ആത്മഹത്യ ചെയ്തതാണെന്ന തരത്തിൽ പ്രചാരണം നടക്കുന്നത്.''
സിൻജോയെ കുറിച്ച് അറിയുന്നതെല്ലാം പിന്നീടാണെന്നും ജയപ്രകാശ് പറഞ്ഞു. അവനാണ് സിദ്ധാർഥനെ ഇത്രയും ക്രൂരമായി എല്ലാം ചെയ്ത്. അവന് പാർട്ടിയുടെ സംരക്ഷണമുണ്ടെന്നും അവർ പറഞ്ഞു. എസ്.എഫ്.ഐക്കാർ തന്നെ കൊന്നിട്ട് അവർ തന്നെ ഫ്‌ളക്‌സ് ബോർഡ് വച്ചിരിക്കുകയാണ്. അതിന്റെ ലോജിക് എന്താണെന്ന് എല്ലാവർക്കും മനസിലാകും. അവരല്ല ഇതിനു പിന്നിലെന്നു പറയാനാണിത്. എസ്.എഫ്.ഐ പ്രവർത്തകനാണെന്ന് എന്തിനു വച്ചു. കേസ് വഴിതിരിച്ചുവിടാനും തനിക്കു ലഭിക്കുന്ന സഹായം ഇല്ലാതാക്കാനുമാണ് ഇവരുടെ നീക്കമെന്നും ജയപ്രകാശ് ആരോപിച്ചു.
Summary: Father Jayaprakash says that the accused are getting full protection of CPM in Siddharthan's death