ഹരിതക്ക് നീതി കിട്ടിയില്ല; പരാതി കൊടുത്തവരെ വേട്ടയാടുന്നുവെന്ന് ഫാത്തിമ തഹ്‌ലിയ
|വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹരിത നേതൃത്വമാണ്. ലീഗ് നടത്തിയ ചര്‍ച്ചയോടും പുറത്തിറക്കിയ വാര്‍ത്താകുറിപ്പിനോടും വിയോജിപ്പുണ്ട്. പ്രശ്‌നം അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞത് ഇ.ടി മുഹമ്മദ് ബഷീര്‍ തന്നെയാണെന്നും തഹ്‌ലിയ പറഞ്ഞു.
ഹരിതക്ക് മുസ്‌ലിം ലീഗില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരാതി കൊടുത്ത പെണ്‍കുട്ടികളെ ഇപ്പോഴും വേട്ടയാടുകയാണ്. താനടക്കം കടന്നുപോവുന്നത് മെന്റല്‍ ട്രോമയിലൂടെയാണെന്നും തഹ്‌ലിയ മീഡിയവണിനോട് പറഞ്ഞു.
വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹരിത നേതൃത്വമാണ്. ലീഗ് നടത്തിയ ചര്‍ച്ചയോടും പുറത്തിറക്കിയ വാര്‍ത്താകുറിപ്പിനോടും വിയോജിപ്പുണ്ട്. പ്രശ്‌നം അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞത് ഇ.ടി മുഹമ്മദ് ബഷീര്‍ തന്നെയാണെന്നും തഹ്‌ലിയ പറഞ്ഞു.
അതിനിടെ ഹരിത നേതാക്കളുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി തുടങ്ങി. പരാതിക്കാരോട് ഈ മാസം ഏഴിന് മലപ്പുറത്ത് ഹാജരാവാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ പരാതിക്കാധാരമായ സംഭവം നടന്നത് കോഴിക്കോടാണെന്നും അതിനാല്‍ കോഴിക്കോട് ഹാജരാവാമെന്നും ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ അറിയിച്ചു.
പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും പരാതി പിന്‍വലിക്കാത്ത ഹരിതയുടെ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതി യോഗം എട്ടിന് മലപ്പുറത്ത് ചേരും. ഹരിത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.