ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ നടപടി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി
|അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി മുസ്‍ലിം ലീഗ് ദേശീയ കമ്മിറ്റിയാണ് തഹ്‍ലിയയ്ക്കെതിരെ നടപടി സ്വീകരിച്ചത്
എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‍ലിയയ്‌ക്കെതിരെ മുസ്‍ലിം ലീഗില്‍ നടപടി. വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തഹ്‍ലിയയെ നീക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് ലീഗ് ദേശീയ നേതൃത്വത്തിന്റെ നടപടി.
ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഒപ്പുവച്ച് ഔദ്യോഗിക ലെറ്റര്‍പാഡില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് തഹ്‍ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം പുറത്തുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് അച്ചടക്കലംഘനത്തിന് നടപടി സ്വീകരിക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഹരിതയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും കൂടിയാലോചനകളില്ലാതെയുമാണ് ഹരിതയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ഫാത്തിമ തഹ്‍ലിയ പ്രതികരിക്കുകയും ചെയ്തിരുന്നു.
ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതിനു പിറകെയാണ് ലീഗ് ദേശീയ നേതൃത്വത്തിന്റെ നടപടി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനും മലപ്പുറം ജില്ലാ നേതാക്കന്മാരായ കബീര്‍ മുതുപറമ്പ്, അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ ഹരിത സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം നേരത്തെ ലീഗ് ഉന്നതാധികാര സമിതി മരവിപ്പിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്യുകയായിരുന്നു.