Kerala
യു.പി.ഐ ഇടപാടിന് ശേഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി: വിശദീകരണവുമായി ഫെഡറൽ ബാങ്ക്
Kerala

യു.പി.ഐ ഇടപാടിന് ശേഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി: വിശദീകരണവുമായി ഫെഡറൽ ബാങ്ക്

Web Desk
|
10 April 2023 1:14 PM GMT

പൊലീസ് അതോറിറ്റിയുടെ നിര്‍ദേശത്തിന്‍റെയോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ലഭിക്കുന്ന പരാതിയുടെയോ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്.

കൊച്ചി: യു.പി.ഐ ഇടപാടിന് ശേഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയില്‍ വിശദീകരണവുമായി ഫെഡറൽ ബാങ്ക്. പൊലീസ് അതോറിറ്റിയുടെ നിര്‍ദേശത്തിന്‍റെയോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ലഭിക്കുന്ന പരാതിയുടെയോ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്. പൊലീസില്‍ നിന്ന് ലഭിക്കുന്ന ഉത്തരവ് പ്രകാരം ബാങ്ക് നടപടിയെടുക്കുകയും ബ്രാഞ്ചിനെയും ഇടപാടുകാരെയും അറിയിക്കുകയും ചെയ്യാറുണ്ട്. നിയമസംവിധാനങ്ങൾ പാലിക്കുന്ന സ്ഥാപനമായതിനാൽ പൊലീസിന്‍റെ നിർദേശം അവഗണിക്കാനാകില്ലെന്നും ബാങ്ക് വിശദീകരിച്ചു. മീഡിയവണ്‍ വാര്‍ത്തകളോട് പ്രതികരിച്ചാണ് ഫെഡറല്‍ ബാങ്ക് വിശദീകരണക്കുറിപ്പ് ഇറക്കിയത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും തട്ടിപ്പിന് ഇരയായവര്‍ക്ക് ഉടനടി പരാതി ബോധിപ്പിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാരിന്‍റെ ആഭ്യന്തര വകുപ്പിന് കീഴില്‍ രൂപീകരിച്ച സംവിധാനമാണ് എന്‍.സി.സി.ആര്‍.പി. സൈബര്‍ തട്ടിപ്പിന് ഇരയായ വ്യക്തി എന്‍.സി.സി.ആര്‍ പോര്‍ട്ടല്‍ വഴി രേഖപ്പെടുത്തുന്ന പരാതിയുടെ മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നത് സംസ്ഥാന പൊലീസാണ്. പരാതിയുള്ള അക്കൌണ്ട് നമ്പറില്‍ നിന്ന് പണം കൈമാറ്റം ചെയ്തിട്ടുള്ള മറ്റ് അക്കൌണ്ടുകളും മരവിപ്പിക്കാനുള്ള നിര്‍ദേശമാണ് പൊതുവെ സംസ്ഥാന പൊലീസ് ബാങ്കുകള്‍ക്ക് നല്‍കാറുള്ളതെന്ന് ഫെഡറല്‍ ബാങ്ക് വിശദീകരിച്ചു.

യു.പി.ഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയ അക്കൌണ്ടുകള്‍ മാത്രമല്ല നെഫ്റ്റ്, ആര്‍.ടി.ജി.എസ്, അക്കൌണ്ട് ട്രാന്‍സ്ഫര്‍, ചെക്ക് തുടങ്ങിയ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയ അക്കൌണ്ടുകളും മരവിപ്പിക്കാന്‍ നിര്‍ദേശം ലഭിക്കാറുണ്ടെന്ന് ഫെഡറല്‍ ബാങ്ക് വ്യക്തമാക്കി. അക്കൌണ്ട് മരവിപ്പിക്കല്‍ നേരിടുന്ന ഇടപാടുകാര്‍ക്ക് പരാതിയുടെ വിവരങ്ങള്‍ ബാങ്ക് കൈമാറാറുണ്ട്. ബന്ധപ്പെടേണ്ട ഓഫീസിന്‍റെ ഫോണ്‍, ഇ മെയില്‍ വിലാസം എന്നിവയും കൈമാറാറുണ്ടെന്ന് ബാങ്ക് വിശദീകരിച്ചു.




Similar Posts