Kerala
Federal Bank will then withdraw the frozen account
Kerala

ബാങ്ക് നടപടിക്കെതിരെ നിയമപോരാട്ടം; അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കുന്നത് തുടർന്ന് ഫെഡറൽ ബാങ്ക്

Web Desk
|
19 April 2023 4:01 AM GMT

എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാത്ത കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത്

കണ്ണൂർ: ആലപ്പുഴക്ക് പിന്നാലെ കണ്ണൂരിലും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ നടപടിയിൽ നിന്ന് പിന്മാറി ഫെഡറൽ ബാങ്ക്. കണ്ണൂർ ബ്രാഞ്ചിൽ അക്കൗണ്ടുള്ള മുഹമ്മദ് ജസീറിന്റെ അക്കൗണ്ടാണ് ബാങ്ക് പൂർവസ്ഥിതിയിലാക്കിയത്. ഗുജറാത്തില്‍ നിന്ന് പരാതി ലഭിച്ചുവെന്ന് പറഞ്ഞ് ഈ മാസം ഒന്നിനാണ് ജസീറിന്റെ അക്കൗണ്ട് മരവിപ്പിച്ചത്. ബാങ്കിന്റെ നടപടി ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ജസീർ ബാങ്കിന് കത്ത് നൽകിയിരുന്നു. അക്കൗണ്ട് മരവിപ്പിക്കൽ പിൻവലിച്ചത് കൊണ്ടുമാത്രമായില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ജസീറിന്റെ അഭിഭാഷകൻ അമീൻ ഹസൻ പറഞ്ഞു.

ഗുജറാത്തിൽ നിന്ന് 29900 രൂപയുടെ തെറ്റായ ഇടപാട് നടന്നിട്ടുണ്ടെന്നും ഗുജറാത്ത് പൊലീസിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസീറിന്റെ ബാങ്ക് അക്കൗണ്ട് ഫെഡറൽ ബാങ്ക് മരവിപ്പച്ചത്. ഏത് നിയമത്തിന്റെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതെന്ന ചോദ്യമുയർത്തി ജസീർ ബാങ്കിനോട് വിശദീകരണം തേടിയിരുന്നു. അതേസമയം ബാങ്ക് നടപടിക്കെതിരെ ഹൈക്കോടതിയിൽ ജസീർ നിയമപോരാട്ടം തുടരുകയുമുണ്ടായി. പിന്നാലെയാണ് ബാങ്ക് അക്കൗണ്ട് പൂർവസ്ഥിതിയിലായത്. ജസീറിനെതിരെ ബാങ്ക് ചൂണ്ടിക്കാട്ടിയ പരാതിയിലും ചില പൊരുത്തക്കേടുകള്‍ പ്രകടമാണ്.

നിയമപോരാട്ടത്തിനൊരുങ്ങിയെന്ന് കണ്ടപാടെ പൊടുന്നനെയുള്ള ഫെഡറൽ ബാങ്കിന്റെ നീക്കം സംശയങ്ങൾക്കിടയാക്കുന്നുണ്ട്. ജസീറിനെതിരെ ഗുജറാത്തിൽ പരാതിയുണ്ടെന്ന് ബാങ്ക് നേരത്തെ വിശദീകരണം നൽകിയിരുന്നെങ്കിലും അത് സംബന്ധിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ മറ്റു വിവരങ്ങൾ പൊലീസിന്റെ ഭാഗത്ത്‌നിന്ന് ലഭിക്കുകയോ ചെയ്തിട്ടില്ല. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ഫെഡറൽ ബാങ്ക് ജസീറിന്റെ അക്കൗണ്ട് പൂർവസ്ഥതിയിലാക്കിയത്. എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാത്ത കേസുകള്‍ ചൂണ്ടിക്കാട്ടി ആളുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന ബാങ്ക് നടപടി ചട്ടപ്രകാരമല്ലെന്ന് വ്യക്തമാവുകയാണ്.


Similar Posts