ഉത്രാളിക്കാവ് പൂരം ഫോണിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് അപകടം
|ഒരു പൊലീസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
തൃശ്ശൂര്‍: ഉത്രാളിക്കാവ് പൂരം മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെ ട്രെയിനിൽ നിന്നും വീണ് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ട്രെയിൻ യാത്രക്കാരായ രണ്ടുപേർക്കും ഒരു പൊലീസുകാരനുമാണ് പരിക്കേറ്റത്. പൊലീസുകാരന്റേ ദേഹത്തേക്കാണ് യാത്രക്കാരിൽ ഒരാൾ വീണത്. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. ഉത്രാളിക്കാവ് പൂരം നടക്കുന്നതിനാൽ വലിയജനത്തിരക്കായിരുന്നു പ്രദേശത്ത്. അതിനാൽതന്നെ ട്രെയിനുകൾ വളരെ വേഗം കുറച്ചാണ് ഈ പ്രേദേശത്തുകൂടി കടന്നുപോയിക്കൊണ്ടിരുന്നത്.
ഇതിനിടെയാണ് ട്രെയിൻ യാത്രക്കാർ പൂരം പകർത്തുന്നതിനായി ട്രെയിനിന്റെ വാതിൽക്കൽ എത്തിയത്. തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് രണ്ടുപേർ താഴേക്ക് വീണത്. ഹരിപ്പാട് സ്വദേശി ഷാജഹാൻ, തൃക്കണാപുരം സ്വദേശി ഫായിസ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ഇവരിലൊരാൾ സിവിൽ പൊലീസ് ഓഫീസറായ അരുണിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. നിരവധി യാത്രക്കാർ ഇത്തരത്തിൽ മുന്നറിയിപ്പ് ലംഘിച്ച് ട്രെയിനിന്റെ വാതിൽ നിന്ന് മൊബൈൽ ഫേണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. നിരവധി പൊലീസുകാർ റെയിൽവേ ട്രാക്കിനിരുവശവും നിന്ന് യാത്രക്കാരോട് ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തരുതെന്ന് അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന് കാരണമായത്.