അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
|ഷൂട്ടിങ്ങിൻ്റെ ഭാഗമായി അത്യാഹിത വിഭാഗത്തിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തി
എറണാകുളം: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ് നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് കമ്മീഷന്റെ നിർദേശം. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർക്കും അങ്കമാലി താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനും നോട്ടീസ് നൽകി. ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ സിനിമാചിത്രീകരണം നടന്നത്.
ഷൂട്ടിങ്ങിൻ്റെ ഭാഗമായി അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറയ്ക്കുകയും വാഹന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അഭിനേതാക്കളടക്കം അമ്പതിലധികം പേർ വരുന്ന സംഘമാണ് ചിത്രീകരണം നടത്തിയത്. ഇതേ സമയം ഡോക്ടർമാർ മറ്റ് രോഗികൾക്ക് ചികിത്സ നൽകുന്നുണ്ടായിരുന്നു. ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് നടന്നിരുന്നത്. ഇന്നലെയും ഇന്നുമാണ് ആശുപത്രിയിൽ ഷൂട്ട് നിശ്ചയിച്ചിരുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ ഇന്നത്തെ ഷൂട്ട് മാറ്റിവെച്ചു.