ഒടുവിൽ പ്രചാരണത്തിനിറങ്ങി കെ. മുരളീധരൻ; ആദ്യം വയനാട്ടിൽ
|നവംബർ അഞ്ചിന് ചേലക്കരയിലും പത്തിന് പാലക്കാടും പോകുമെന്ന് മുരളീധരൻ
കോഴിക്കോട്: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. വയനാട് ലോക്‌സാഭാ മണ്ഡലത്തിലായിരുന്നു ആദ്യ പ്രചാരണം. കോടഞ്ചേരി നൂറാംതോട് കുടുംബ യോഗത്തിൽ അദ്ദേഹം പങ്കെടുത്ത് സംസാരിച്ചു.
പാലക്കാടും ചേലക്കരയിലും പ്രചാരണത്തിനെത്തുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. തന്നെ കൈപിടിച്ചുയർത്തിയ രാജീവ് ഗാന്ധിയുടെ പുത്രിക്ക് വേണ്ടിയാണ് ആദ്യം പ്രചാരണത്തിന് ഇറങ്ങേണ്ടതെന്ന് തോന്നി. ഈ മാസം അഞ്ചാം തീയതി ചേലക്കരയിലും പത്തിന് പാലക്കാടും പോകുമെന്നും മുരളീധരൻ പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മൂന്നിടത്തും സജീവമാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടേക്ക് ക്ഷണിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് ശ്രദ്ധയിൽപെട്ടിട്ടില്ല. കത്തയക്കേണ്ട കാര്യമില്ല, എന്നെ വിളിച്ചുപറഞ്ഞാൽ മതിയല്ലോയെന്നും മുരളീധരൻ പറഞ്ഞു. പാലക്കാടും ചേലക്കരയും നേരത്തെ പോകാത്തത് എന്തെന്ന ചോദ്യത്തിന് ഓരോന്നിനും ഓരോ സമയമുണ്ടെന്നായിരുന്നു മറുപടി.
വയനാട്ടിൽ എൽഡിഎഫ് മത്സര രംഗത്തുനിന്ന് മാറിനിൽക്കണമായിരുന്നു. ഇൻഡ്യാ മുന്നണിയുടെ ഭാഗമായ സിപിഐ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുന്നത് ദൗർഭാഗ്യകരമാണ്. കേന്ദ്ര - സംസ്ഥാന സർക്കാറുകൾക്ക് വയനാടിനോട് നിഷേധാത്മക സമീപനമാണ്. മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രം ഒരു സഹായവും നൽകിയില്ല. സംസ്ഥാന സർക്കാർ വീട് നഷ്ടപ്പെട്ടവർക്ക് പുതിയത് നിർമിച്ചു നൽകാൻ ഒരു താല്പര്യവും എടുത്തില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.