Kerala
KSRTC
Kerala

കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ച് ധനവകുപ്പ്; പണം ലഭിക്കുന്ന മുറയ്ക്ക് ബാക്കി ശമ്പളം നൽകും

Web Desk
|
26 July 2023 10:11 AM GMT

കേന്ദ്രം പണം നൽകാത്തതിനാൽ സംസ്ഥാന സർക്കാരും പ്രതിസന്ധിയിലാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു

കൊച്ചി: കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെന്നും അത് ഇന്ന് തന്നെ ലഭിക്കുമെന്നും സിഎംഡി ബിജു പ്രഭാകർ ഹൈക്കോടതിയെ അറിയിച്ചു. പണം ലഭിക്കുന്ന മുറയ്ക്ക് ബാക്കി ശമ്പളം നൽകുമെന്നും സിഎംഡി. ശമ്പള വിതരണത്തിനും കുടിശ്ശികക്കുമായുള്ള കെഎസ്ആർടിസിയുടെ 130 കോടി രൂപയുടെ അപേക്ഷ പരിഗണനയിലുണ്ടെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു.

കോടതിയിൽ ഓൺലൈനായി ഹാജരായാണ് ബിജു പ്രഭാകർ വിവരമറിയിച്ചത്. കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടാനുള്ള പണം സംസ്ഥാന സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്രം സഹായിച്ചെങ്കിൽ മാത്രമേ കെഎസ്ആർടിസിയെ സാമ്പത്തികമായി സഹായിക്കുന്ന കാര്യത്തിൽ സർക്കാരിന് അന്തിമതീരുമാനമെടുക്കാൻ കഴിയൂ.

കേന്ദ്രം പണം നൽകാത്തതിനാൽ സംസ്ഥാന സർക്കാരും പ്രതിസന്ധിയിലാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അടുത്ത മാസം 15ന് തീരുമാനം അറിയിക്കണമെന്ന് സർക്കാരിന് കോടതി നിർദേശിച്ചിട്ടുണ്ട്. അടുത്ത മാസം 16ആം തീയതിയാണ് ശമ്പളവിതരണവുമായി ബന്ധപ്പെട്ട ഹരജി കോടതി പരിഗണിക്കുക.

Similar Posts