പി.ജി ഡോക്ടർമാരുടെ സ്റ്റൈപെൻഡ് വർധന; എതിര്‍പ്പുമായി ധനവകുപ്പ്
|സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് നിലപാട് വ്യക്തമാക്കിയത്.
പി.ജി ഡോക്ടര്‍മാരുടെ സ്റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ധിപ്പിക്കാനാകില്ലെന്ന് ധനവകുപ്പ്. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പിന്‍റെ എതിര്‍പ്പ്. ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സ്റ്റൈപെന്‍ഡ് വര്‍ധനവ് നല്‍കി കഴിഞ്ഞാല്‍ 75 ലക്ഷത്തോളം രൂപ ധനവകുപ്പ് പ്രതിമാസം കണ്ടെത്തേണ്ടിവരും. ഇതൊരു അധിക ബാധ്യതയായി മാറുമെന്നും ധനവകുപ്പ് വിലയിരുത്തുന്നു.
സ്റ്റൈപെന്‍ഡ് സംബന്ധിച്ച് ആരോഗ്യവകുപ്പ് സമര്‍പ്പിച്ച ഫയല്‍ രണ്ടു തവണ ധനവകുപ്പ് മടക്കിഅയച്ചിരുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സമയത്ത് ഇതേപ്പറ്റി ആലോചിച്ചാല്‍ മതിയെന്നായിരുന്നു അന്നും ധനവകുപ്പിന്‍റെ നിലപാട്. പി.ജി ഡോക്ടര്‍മാര്‍ സമരരംഗത്തിറങ്ങിയതിനു പിന്നാലെ ഈ മാസം പത്തിന് ആരോഗ്യവകുപ്പ് വീണ്ടും ധനവകുപ്പിന് ഫയല്‍ അയച്ചിട്ടുണ്ട്. എന്നാല്‍, ഇതില്‍ ധനവകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പി.ജി ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന സ്റ്റൈപെന്‍ഡ് കൂടുതലാണെന്നാണ് ധനവകുപ്പ് നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍. അതിനാല്‍ തിടുക്കപ്പെട്ട് സ്റ്റൈപെന്‍ഡ് വര്‍ധനവ് അംഗീകരിക്കേണ്ടെന്നാണ് നിലപാട്. അതേസമയം, ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ സർക്കാർ സമരക്കാരുമായി ഇന്ന് ചർച്ച നടത്തിയേക്കും.