സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാർക്ക് യാത്രാബത്ത യഥേഷ്ടം; 38.59 ലക്ഷം രൂപ അധികം അനുവദിച്ച് ധനവകുപ്പ്
|ബജറ്റിൽ അനുവദിച്ചത് രണ്ടരകോടി രൂപ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്ര ബത്തയ്ക്കായി ധനവകുപ്പ് അധിക തുക അനുവദിച്ചു. 2022-23 ബജറ്റിൽ നീക്കി വെച്ചിരുന്നത് രണ്ടര കോടി രൂപയായിരുന്നെങ്കിലും തികയാതെ വന്നതോടെ അധികമായി 38.59 ലക്ഷം രൂപ കൂടി അനുവദിച്ചു.
മന്ത്രിമാർക്ക് ഓരോ സാമ്പത്തിക വർഷവും യാത്രാബത്തയിനത്തിൽ ചിലവഴിക്കാനാവുന്ന തുക ബജറ്റിൽതന്നെ നീക്കി വെക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ഇത്തരത്തിൽ യാത്രാ ബത്ത ഇനത്തിൽ നീക്കി വെച്ചത് 2.50 കോടി രൂപയാണ്. പക്ഷേ ഇത് തികഞ്ഞില്ല. മാർച്ച് 20 ന് 1859000 രൂപ കൂടി അധികമായി ആദ്യം അനുവദിച്ചു. തുടർന്ന് സാന്പത്തിക വർഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി മാർച്ച് 27 ന് 20 ലക്ഷം രൂപ കൂടി അനുവദിച്ച് ഉത്തരവിറക്കി.
ഇതോടെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ആകെ യാത്രചിലവ് രണ്ട് കോടി 88 ലക്ഷത്തി അമ്പത്തിഒമ്പതിനായിരം രൂപയായി മാറി. ബജറ്റിൽ അനുവദിച്ചതിനേക്കാൾ തുക വിവിധ ആവശ്യങ്ങൾക്ക് അനുവദിക്കാൻധനവകുപ്പിന് കഴിയും. സാധാരണ അത് അടിയന്തര പ്രധാന്യമുള്ളവയ്ക്കാണ് ഇത്തരത്തിൽ അനുവദിക്കുക. പല പ്രധാനപ്പെട്ട പദ്ധതികൾക്കും നീക്കിവെച്ച തുക സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അനുവദിക്കാതിരുന്നപ്പോഴാണ് മന്ത്രിമാർക്കുള്ള യാത്ര ബത്തയ്ക്കായി അധിക തുക അനുവദിച്ചത്.