Kerala
Fund diversion: Action recommended against CPM leader PK Sasi, latest malayalam news ഫണ്ട് തിരിമറി: സി.പി.എം നേതാവ് പി.കെ ശശിക്കെതിരെ നടപടിക്ക് ശിപാർശ
Kerala

പി.കെ ശശിക്ക് എതിരായ സാമ്പത്തിക ആരോപണം: രേഖകൾ പരിശോധിക്കാൻ തീരുമാനം

Web Desk
|
9 Jun 2023 2:10 AM GMT

വിഭാഗീയതക്ക് നേതൃത്വം നൽകിയ നേതാക്കളോട് വിശദീകരണം ചോദിക്കാനും ജില്ലാ കമ്മറ്റി യോഗം

കണ്ണൂർ: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും കെ.ടി.ഡി.സി ചെയർമാനുമായി പി.കെ ശശിക്ക് എതിരായ സാമ്പത്തിക തിരിമറി സംബന്ധിച്ച ആരോപണങ്ങളുടെ രേഖകൾ പരിശോധിക്കാൻ തീരുമാനം. രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രണ്ടംഗ്കമ്മീഷനെ ചുമതലപെടുത്തി. വിഭാഗീയതക്ക് നേതൃത്വം നൽകിയ നേതാക്കളോട് വിശദീകരണം ചോദിക്കാനും ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.

പാർട്ടി ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി, പി.കെ ശശി ചെയർമാനായ യൂണിവേഴ്‌സൽ കോളേജിനായി സഹകരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചു തുടങ്ങിയ ആരോപണങ്ങൾ സംബന്ധിച്ച് പുത്തലത്ത് ദിനേശൻ അന്വേഷണം നടത്തിയിരുന്നു. പരാതിക്കാർ സമർപ്പിച്ച രേഖകൾ പരിശോധിക്കാൻ പാലക്കാട് ജില്ലാ കമ്മറ്റി യോഗം രണ്ടംഗ കമ്മീഷനെ ചുമതലപെടുത്തി. ഷൊർണ്ണൂർ എം.എൽ.എ പി. മമ്മി കുട്ടി, മുൻ എം.എൽ.എ വി. ചെന്തമരാക്ഷൻ എന്നിവരാണ് രേഖകൾ പരിശോധിച്ച് ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് കൈമാറുക.

ആരോപണങ്ങൾ സംബന്ധിച്ച് പി.കെ ശശിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ജില്ലയിലെ വിഭാഗീയത സംബന്ധിച്ച് ആനവൂർ നാഗപ്പൻ റിപ്പോർട്ടും ചർച്ച ചെയ്തു. പി.കെ ശശി , വി.കെ ചന്ദ്രൻ , ചാമുണ്ണി എന്നിവർ വിഭാഗീയതക്ക് നേതൃത്വം നൽകിയതായി ആരോപണമുണ്ട്. ഈ നേതാക്കളോട് വിശദീകരണം ചോദിക്കും. വിഭാഗീയത ശക്തമായ കൊല്ലങ്കോട്, ചെറുപ്പുളശേരി ഏരിയ കമ്മറ്റികൾ പുനസംഘടിപ്പിക്കാനും തീരുമാനിച്ചു. പുതുശ്ശേരിയിലെ സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തിയ നിതിൻ കണിച്ചേരിയെ ജില്ലാ കമ്മറ്റി തക്കീത് ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷിന്റെ അധ്യക്ഷതയിലാണ് പാലക്കാട് ജില്ലാ കമ്മറ്റി യോഗം ചേർന്നത്.

Similar Posts