ധനപ്രതിസന്ധിക്കിടെ സർക്കാർ ജീവനക്കാരുടെ ശമ്പളവും മുടങ്ങി; സെക്രട്ടറിയേറ്റില്‍ പ്രതിഷേധം
|ട്രഷറിയിൽ കൂടുതൽ പണം നിക്ഷേപിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കു നിർദേശം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനപ്രതിസന്ധിയിൽ ജീവനക്കാരുടെ ശമ്പളവും മുടങ്ങി. ട്രഷറിയിലെ സാങ്കേതിക കാരണങ്ങളാണു കാരണമായി പറയുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ട്രഷറിയിൽ കൂടുതൽ പണം നിക്ഷേപിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, ശമ്പളം വൈകുന്നതിനെതിരെ സെക്രട്ടറിയേറ്റിൽ പ്രതിപക്ഷ സർവീസ് സംഘടനകൾ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകുന്നത്. ഇന്നലെ നൽകേണ്ട ശമ്പളം ഇതുവരെയും നൽകാനായിട്ടില്ല. തിങ്കളാഴ്ചയോടെയേ പ്രശ്‌നം പൂർണമായും പരിഹരിക്കാനാകൂവെന്നാണു വിവരം. കേന്ദ്ര സർക്കാരിൽനിന്നു പണമെത്തിയതോടെ ശമ്പള പെൻഷൻ വിതരണത്തിനുള്ള പ്രതിസന്ധി തീർന്നെങ്കിലും ട്രഷറിയിലെ സാങ്കേതിക തടസം കാരണമാണ് ഒരുവിഭാഗം ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
ശമ്പളം വൈകുന്നതിനെതിരെ സെക്രട്ടറിയേറ്റിൽ പ്രതിപക്ഷ സർവീസ് സംഘടനകൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
ഇതിനിടെയാണ്, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ട്രഷറിയിലേക്ക് കൂടുതൽ നിക്ഷേപം എത്തിക്കാൻ സർക്കാർ തിരക്കിട്ട നീക്കം നടത്തുന്നത്. ട്രഷറിയിൽ കൂടുതൽ പണം നിക്ഷേപിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ നിർദേശം ലഭിച്ചിട്ടുണ്ട്. ലാഭവും നീക്കിയിരിപ്പും ട്രഷറിയിൽ നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Summary: Due to the financial crisis of the state government, the salaries of the employees delayed