സാമ്പത്തിക തട്ടിപ്പ് കേസ്; യൂ ട്യൂബർ മോൻസൺ മാവുങ്കലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
|കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ യൂ ട്യൂബർ മോൻസൺ മാവുങ്കലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.
പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. യു.എ.ഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയില്‍ രണ്ട് ലക്ഷത്തി 62,000 കോടി രൂപ വിദേശത്തു നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ ചില നിയമതടസങ്ങളുളളതിനാല്‍ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞാണ് പലരില്‍ നിന്നായി ഇയാൾ 10 കോടി രൂപ തട്ടിയെടുത്തത്. കൂടുതൽ പേരിൽ നിന്ന് ഇയാൾ പണം കൈപ്പറ്റിയിട്ടുണ്ട് എന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇന്നും നാളെയുമായി കൂടുതൽ പേർ പരാതി നൽകാനാണ് സാധ്യത. ഇയാളുടെ കലൂരിലെ വീട്ടിൽ റെയ്ഡ് നടത്തിയ ക്രൈംബ്രാഞ്ച് സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെടുത്തിട്ടുണ്ട്. മോൻസണെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകും. പുരാവസ്തുക്കൾ എന്ന പേരിൽ ഇയാൾ വിൽപന നടത്തിയ പലതും വ്യാജമായി നിർമ്മിച്ചതാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അതേസമയം പൊലീസിലെ അടക്കം പല ഉന്നതരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഇവർക്ക് നേരിട്ട് പങ്കില്ല എന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക വിലയിരുത്തൽ.