Kerala
സാമ്പത്തിക ക്രമക്കേട്: പി.കെ ശശിക്കെതിരെ മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം
Kerala

സാമ്പത്തിക ക്രമക്കേട്: പി.കെ ശശിക്കെതിരെ മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

Web Desk
|
16 Oct 2022 12:24 PM GMT

ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവും സംസ്ഥാന കമ്മറ്റി അംഗം സി കെ രാജേന്ദ്രനും പങ്കെടുത്ത യോഗത്തിന് ശശി എത്തിയെങ്കിലും പങ്കെടുപ്പിച്ചില്ല

പാലക്കാട്‌: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരെ മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. ശശി യൂണിവേഴ്‌സൽ കോളേജിന്റെ പേരിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ഏരിയ കമ്മറ്റിയിലെ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. ഏകാധിപത്യ ശൈലി അനുവദിക്കാനാവില്ലെന്നും വിമർശനം.

യോഗത്തിനെത്തിയെങ്കിലും ശശിയെ പങ്കെടുപ്പിച്ചില്ല. ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവും സംസ്ഥാന കമ്മറ്റി അംഗം സി കെ രാജേന്ദ്രനും പങ്കെടുത്ത ഏരിയ കമ്മറ്റിയിൽ നിന്നാണ് പി. കെ ശശി യെ മാറ്റി നിർത്തിയത്.

സി.പി.എം ഭരിക്കുന്ന മണ്ണാർക്കാട് മേഖലയിലെ ആറ് സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നു എന്നാണ് പ്രധാന പരാതി. പാർട്ടിയെ അറിയിക്കാതെ പി.കെ ശശി ചെയർമാനായ യൂണിവേഴ്‌സൽ കോളജിന്റെ ഓഹരി ബാങ്കുകൾ എടുത്തതിനാൽ ബാങ്കുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നു. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കോളജും സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. യൂണിവേഴ്‌സൽ കോളേജിലും, ബാങ്കുകളിലും പി.കെ ശശിയുടെ അടുപ്പക്കാർക്കും അവരുടെ ബന്ധുകൾക്കും ജോലി നൽകി എന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായി.

പരാതി ഉയർന്ന മണ്ണാർക്കാട് ലോക്കൽ കമ്മറ്റിയിലും, മണ്ണാർക്കാട് ഏരിയാ കമ്മറ്റിയിലും വിഷയം ചർച്ച ചെയ്യണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിർദേശിച്ചു. മണ്ണാർക്കാട് ലോക്കൽ കമ്മറ്റി അംഗവും നഗരസഭാ കൗൺസിലറുമായ മൻസൂറാണ് പരാതി നൽകിയത്. എന്നാൽ പാർട്ടിയിൽ വിഭാഗീയതയും പ്രശ്‌നങ്ങളും ഉണ്ടെന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നാണ് സി.പി. എം ജില്ലാ സെക്രട്ടറി ഇറക്കിയ വാർത്ത കുറിപ്പിൽ പറയുന്നത്.

Related Tags :
Similar Posts