സാമ്പത്തിക ക്രമക്കേട്: പി.കെ ശശിക്കെതിരായ പരാതി ചർച്ച ചെയ്യാൻ സിപിഎം യോഗങ്ങൾ ഇന്ന് ചേരും
|പരാതി ഉയർന്ന മണ്ണാർക്കാട് ലോക്കൽ കമ്മറ്റിയിലും, മണ്ണാർക്കാട് ഏരിയാ കമ്മറ്റിയിലും വിഷയം ചർച്ച ചെയ്യണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിർദേശിച്ചു. ഇന്ന് രണ്ട് യോഗങ്ങളും നടക്കും.
പാലക്കാട്: സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്ന പി.കെ ശശിക്കെതിരായ പരാതി ചർച്ച ചെയ്യാൻ സി.പി.എം യോഗങ്ങൾ ഇന്ന് ചേരും. മണ്ണാർക്കാട് ഏരിയാ കമ്മറ്റി യോഗത്തിലും, ലോക്കൽ കമ്മറ്റി യോഗത്തിലും വിഷയം ചർച്ചയാകും. സംസ്ഥാന - ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും
സി.പി.എം ഭരിക്കുന്ന മണ്ണാർക്കാട് മേഖലയിലെ ആറ് സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നു എന്നാണ് പ്രധാന പരാതി. പാർട്ടിയെ അറിയിക്കാതെ പി.കെ ശശി ചെയർമാനായ യൂണിവേഴ്സൽ കോളജിന്റെ ഓഹരി ബാങ്കുകൾ എടുത്തതിനാൽ ബാങ്കുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നു. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കോളജും സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. യൂണിവേഴ്സൽ കോളേജിലും, ബാങ്കുകളിലും പി.കെ ശശിയുടെ അടുപ്പക്കാർക്കും അവരുടെ ബന്ധുകൾക്കും ജോലി നൽകി എന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായി.
പരാതി ഉയർന്ന മണ്ണാർക്കാട് ലോക്കൽ കമ്മറ്റിയിലും, മണ്ണാർക്കാട് ഏരിയാ കമ്മറ്റിയിലും വിഷയം ചർച്ച ചെയ്യണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിർദേശിച്ചു. ഇന്ന് രണ്ട് യോഗങ്ങളും നടക്കും. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു, സംസ്ഥാന കമ്മറ്റി അംഗം സി.കെ രാജേന്ദ്രൻ എന്നിവർ യോഗങ്ങളിൽ പങ്കെടുക്കും. മണ്ണാർക്കാട് ലോക്കൽ കമ്മറ്റി അംഗവും നഗരസഭാ കൗൺസിലറുമായ മൻസൂറാണ് പരാതി നൽകിയത്. എന്നാൽ പാർട്ടിയിൽ വിഭാഗീയതയും പ്രശ്നങ്ങളും ഉണ്ടെന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നാണ് സി.പി. എം ജില്ലാ സെക്രട്ടറി ഇറക്കിയ വാർത്ത കുറിപ്പിൽ പറയുന്നത്.