Kerala
Viswanathan , police help,  mobile, tribal youth,
Kerala

ആൾക്കൂട്ട വിചാരണ നടന്ന ദിവസം വിശ്വനാഥൻ പൊലീസ് സഹായം തേടിയിരുന്നതായി കണ്ടെത്തൽ

Web Desk
|
24 Feb 2023 4:49 AM GMT

ആൾക്കൂട്ട വിചാരണ നടന്ന ദിവസം മൂന്ന് തവണ വിശ്വനാഥൻ കൺട്രോൾ റൂമിലേക്ക് വിളിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച വിശ്വനാഥൻ പൊലീസ് സഹായം തേടിയിരുന്നതായി കണ്ടെത്തൽ. ആൾക്കൂട്ട വിചാരണ നടന്ന ദിവസം മൂന്ന് തവണ വിശ്വനാഥൻ കൺട്രോൾ റൂമിലേക്ക് വിളിച്ചു . വിശ്വനാഥൻറെ മൊബൈൽ ഫോൺ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫോൺ കട്ടായതിനാൽ പോലീസുമായി വിശ്വനാഥന് സംസാരിക്കാൻ സാധിച്ചില്ല. കാണാതായ ദിവസം വിശ്വനാഥൻ സംസാരിച്ച ഏഴ് പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ആൾക്കൂട്ടം വിചാരണ ചെയ്തെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.ജനമധ്യത്തിൽ അപമാനിതനായ മനോവിഷമത്തിലാണ് വിശ്വനാഥൻ മരിച്ചതെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

പട്ടികവര്‍ഗക്കാരനായ വിശ്വനാഥന്‍ എന്നയാളെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്‍റെ മെയിന്‍ ഗേറ്റിലും പരിസരത്തും വെച്ച് കുറച്ചാളുകള്‍ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിറം കൊണ്ടും രൂപം കൊണ്ടും ആ വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് അറിഞ്ഞുകൊണ്ടാണ് ആളുകള്‍ വിശ്വനാഥന്‍റെ സഞ്ചി പരിശോധിച്ചതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടന്ന ദിവസം 450ഓളം പേര്‍ മെഡിക്കല്‍ കോളജ് മാതൃശിശു വിഭാഗത്തില്‍ കൂട്ടിരിപ്പുകാരായി ഉണ്ടായിരുന്നു. 100 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ ചിലരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മൊഴി എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്താണ് മരിച്ചനിലയില്‍ കണ്ടത്. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയില്ലെന്ന് കുടുംബം പറഞ്ഞു. എസ്.സി, എസ്.ടി പീഡന നിരോധന വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് പട്ടികജാതി പട്ടികവർഗ കമ്മീഷൻ പൊലീസിന് നിർദേശം നൽകി. പിന്നാലെയാണ് പട്ടികജാതി - പട്ടികവർഗ പീഡന നിരോധന വകുപ്പ് കൂടെ ചുമത്തി എഫ്.ഐ.ആറിൽ മാറ്റംവരുത്തിയത്. പ്രത്യേക സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ നേരത്തെ തന്നെ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാണാതായ രാത്രിയിൽ വിശ്വനാഥൻറെ ചുറ്റും ആളുകൾ കൂടിനിൽക്കുന്നതും ചിലർ ചോദ്യംചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വിശ്വനാഥനെ ആള്‍ക്കൂട്ടം വിചാരണ ചെയ്തെന്നാണ് ഒടുവില്‍ പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചത്.

Similar Posts