ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന: ദിലീപിനെതിരായ പുതിയ കേസിൽ ഇന്ന് എഫ്.ഐ.ആർ സമർപ്പിക്കും
|ജയിലിലുള്ള പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകിയേക്കും
നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കോടതിയിൽ ഇന്ന് എഫ്.ഐ.ആർ സമർപ്പിക്കും. കേസിലെ തുടർനടപടികളുടെ ഭാഗമായാണ് എഫ്.ഐ.ആർ സമർപ്പിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി അന്വേഷണ സംഘം ഇന്ന് കോടതിയെ സമീപിക്കാനും സാധ്യതയുണ്ട് .അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിലെ പ്രധാന പ്രതി ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് എഫ്.ഐ.ആർ സമർപ്പിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്ത് ആണെങ്കിലും ഗൂഢാലോചന നടന്നത് ആലുവയിലെ ദിലീപിന്റെ വീട്ടിലായതിനാൽ ആലുവ കോടതിയിൽ ആകും എഫ്.ഐ.ആർ സമർപ്പിക്കുക. കേസിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് തുടങ്ങിയവരെ ഉടൻ ചോദ്യം ചെയ്യും.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ ഉള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പ്രധാന പ്രതികളായ പൾസർ സുനി, വിജീഷ് എന്നിവരെ ചോദ്യം ചെയ്യാനാണ് അനുമതി തേടുന്നത്. പൾസർ സുനിക്ക് ദിലീപുമായുള്ള ബന്ധത്തിലും ദിലീപിന് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ലഭിച്ചത് എങ്ങനെ എന്നതിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.
ബുധനാഴ്ച ആണ് സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുക. ഇതിനുശേഷം ദിലീപിനെ വിശദമായി ചോദ്യം ചെയ്യും. ദിലീപിനെ ആക്രമണ ദൃശ്യങ്ങൾ എത്തിച്ചു നൽകിയ അജ്ഞാതനെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബാലസുബ്ര കുമാറിന്റെ മൊഴിയനുസരിച്ച് 2017 നവംബർ 16 ന് പുലർച്ചെ ഇയാൾ വിമാന മാർഗം യാത്ര ചെയ്തിട്ടുണ്ടാകാം എന്നാണ് അന്വേഷണ സംഘതിന്റെയും നിഗമനം. വിമാനത്താവളത്തിൽ നിന്ന് ഇതിന്റെ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിക്കും.