ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; തീ അണയ്ക്കാൻ ശ്രമിച്ച് അഗ്നിശമന സേന
|15 അഗ്നിശമന സേന യൂണിറ്റുകളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ വീണ്ടും തീപിടിത്തം. സെക്ടർ ഏഴിലാണ് തീ പിടിച്ചത്. 15 അഗ്നിശമന സേന യൂണിറ്റുകളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. ജനപ്രതിനിധികളും കോർപ്പറേഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മുമ്പുണ്ടായിരുന്നത്ര വലിയ തീപിടിത്തമല്ല ഇപ്പോൾ ഉണ്ടായത്. മാലിന്യങ്ങൾ മാറ്റിവെച്ച പ്രദേശത്താണ് തീപിടിത്തമുണ്ടായത്. നേരത്തെയും ഇവിടങ്ങളിൽ തീപിടിത്തമുണ്ടായിരുന്നു. തീപിടിച്ച ഭാഗം വേർതിരിച്ച് തീ അണയ്ക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. തീപടരാതിരിക്കാനുള്ള ശ്രമം നടക്കുകയാണ്. എന്തുകൊണ്ടാണ് വീണ്ടും തീപിടിച്ചതെന്ന് വ്യക്തമല്ല. നേരത്തെയുണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചിയിലാകെ വായുമലിനീകരണം ഉണ്ടായിരുന്നു. കഴിഞ്ഞ പ്രാവശ്യം ചെറിയ രീതിയിലുണ്ടായ തീപിടിത്തം പിന്നീട് വ്യാപിക്കുകയായിരുന്നു.
ബ്രഹ്മപുരത്ത് രണ്ട് ഫയർ എഞ്ചിനുകൾ നിരീക്ഷണത്തിനുണ്ടായിരുന്നുവെന്നും അവർക്ക് കഴിയാതിരുന്നതോടെ റീജ്യണൽ ഫയർ ഓഫീസറെ വിളിക്കുകയായിരുന്നുവെന്നും കൊച്ചി മേയർ എം. അനിൽകുമാർ പറഞ്ഞു. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സംവിധാനം പ്രദേശത്തുണ്ടെന്നും തീപിടിച്ചതിന് പിറകിലെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ മാലിന്യം മാറ്റിയെങ്കിലെ തീപിടിത്തം തടയാനാകുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
110 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ മാർച്ച് രണ്ടിന് വൈകിട്ട് മൂന്ന് നാൽപതഞ്ചോടെയാണ് തീ ഉയരുന്നത്. 4.15 ഓടെ ഫയർഫോഴ്സിന് വിവരം ലഭിച്ചു. ആരോപണ വിധേയരായ സോണ്ട കമ്പനിയുടെ അസിസ്റ്റന്റ് മാനേജരാണ് ഫയർഫോഴ്‌സിനെ വിളിച്ചത്. ഈ വർഷം അത് മൂന്നാം തവണയാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ രണ്ട് തവണയും തീ ഉയർന്നത് ഒറ്റപ്പെട്ട സ്ഥലത്ത്. അന്ന് ആറുമണിക്കൂർ കൊണ്ട് തീ അണയ്ക്കാനായി. ഇത്തവണ 12 ദിവസം എടുത്തതാണ് തീ അണച്ചത്. അതായത് തീപിടുത്തം ആരംഭിച്ച സ്ഥലത്ത് തീ ആളിപ്പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള കാറ്റിന്റെ ദിശ,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂന ഇതെല്ലാം തീ കത്തിപ്പടരാൻ കാരണമായി.
ബ്രഹ്മപുരത്തെ തീപിടിത്തത്തിന് ആക്കം കൂട്ടിയത് അനധികൃതമായി സൂക്ഷിച്ച ബയോമൈനിങ് മാലിന്യങ്ങളെന്ന് സൂചനയുണ്ടായിരുന്നു. ബയോമൈനിങ് നടത്താൻ സോണ്ട കന്പനിക്ക് നൽകിയത് 20 ഏക്കർ സ്ഥലമാണ്. വേസ് ടു എനർജി പ്ലാന്റിനായി നീക്കിവെച്ച 20 ഏക്കർ സ്ഥലം കൂടി പിന്നീട് സോണ്ടയ്ക്ക് നൽകി. ഭാവിയിൽ വേസ്റ്റ് ടു എനർജി പ്ലാന്റ് വരുമെന്ന പ്രതീക്ഷയിൽ സോണ്ട ബയോമൈനിങ് ചെയ്ത ആർഡിഎഫ് അഥവാ പുനരുപയോഗിക്കാൻ പറ്റാത്തതും എന്നാൽ ഇന്ധനമാക്കാൻ പറ്റുന്നതുമായ മാലിന്യം ബ്രഹ്മപുരത്ത് തന്നെ സൂക്ഷിച്ചു. ഇത് തീപിടിത്തത്തിന് ആക്കം കൂട്ടാൻ കാരണമായി എന്നാണ് വിലയിരുത്തൽ. എന്നാൽ സോണ്ടയുടെ വീഴ്ച കോർപറേഷൻ പരസ്യമായി അംഗീകരിക്കാൻ തയ്യാറായിട്ടില്ല.
2018ൽ മാലിന്യത്തിൽ നിന്ന് ഊർജം ഉണ്ടാക്കുമെന്ന പ്രഖ്യാപനം നടത്തിയത് അന്നത്തെ കൊച്ചി കോർപറേഷൻ യുഡിഎഫ് ഭരണസമിതിയാണ്. പദ്ധതിക്കായി മുഖ്യമന്ത്രി ശിലാസ്ഥാപനവും നടത്തി. 18 മാസം കൊണ്ട് വേസ്റ്റ് ടു എനർജി പ്ലാന്റ് യാഥാർഥ്യമാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജി ജെ എന്ന കന്പനിക്കാണ് ഇതിനായി ഭൂമി കൈമാറാനിരുന്നത്. എന്നാൽ ഈ പദ്ധതിയിൽ നിന്ന് ജി ജെ കന്പനി ഒഴിവാക്കപ്പെട്ടു. പകരം മറ്റൊരു കന്പനിയെ കൊണ്ടുവരാൻ കോർപറേഷനോ സർക്കാരിനോ കഴിഞ്ഞില്ല. പിന്നീട് ബയോമൈനിങ് നടത്താൻ സോണ്ടയുമായി കരാറിലേർപ്പെടുകയാണുണ്ടായത്. എന്നാൽ ബയോമൈനിങ് കാര്യക്ഷമമായതുമില്ല.
ഇക്കാര്യം മലിനീകരണ നിയന്ത്രണ ബോർഡും ഹരിത ട്രൈബ്യൂണൽ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയും കണ്ടെത്തിയിരുന്നു. തീപിടിത്തം ഉണ്ടായതിന് പിന്നാലെ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപയാണ് കോർപറേഷന് പിഴയിട്ടത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ട്രൈബ്യൂണൽ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി കോർപറേഷനും നിയമപരമായി മുന്നോട്ട് പോവുകയാണ്.