'വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിലേക്ക് മാറ്റും'; ഞെളിയൻപറമ്പിലും തീപിടിത്ത മുൻകരുതൽ
|പ്രദേശത്ത് താപനില കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: ഞെളിയൻപറമ്പ് മാലിന്യസംസ്‌കരണ പ്ലാന്റിൽ തീപിടിത്ത മുൻകരുതൽ നടപടികളുമായി കോഴിക്കോട് കോർപറേഷൻ. വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരാഴ്ചക്കകം ചാക്കുകളിലേക്ക് മാറ്റാൻ കരാർ കമ്പനിക്ക് നിർദേശം നൽകി. പ്രദേശത്ത് താപനില കുറയ്ക്കാൻ നടപടി സ്വീകരിക്കും.
ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഞെളിയൻപറമ്പിലും മുൻകരുതൽനടപടകൾ സ്വീകരിക്കുന്നത്. വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കട്ടിയുള്ള ചാക്കുകളിലേക്ക് മാറ്റാൻ കരാർ കമ്പനിയായ സോണ്ടയ്ക്ക് നിർദേശം നൽകി. തീപിടിത്ത സാധ്യത കുറയ്ക്കാനാണിത്.
മാലിന്യ സംസ്‌കരണ പ്ലാന്റിലെ താപനില കുറയ്ക്കാൻ വാട്ടർ സ്പ്രിങ്ക്‌ലറുകൾ സ്ഥാപിക്കും. ഞെളിയൻ പറമ്പിൽ സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടും. സോണ്ട കമ്പനിയുമായുളള കരാർ തുടരണോ എന്ന കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും മേയർ ബീന ഫിലിപ് പറഞ്ഞു. അതേസമയം, മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ഞെളിയൻപറമ്പിലേക്ക് മാർച്ച് നടത്തി.