തിരുവനന്തപുരത്ത് പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം; ജില്ലയിലെ മുഴുവൻ ഫയർഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്ത്
|കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം. കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
'പവർ പാക്ക് പോളിമേഴ്സ്' എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിനാണ് തീപിടിച്ചത്. ഉപയോഗിച്ച പ്ലാസ്റ്റിക്കുകൾ കംപ്രസ് ചെയ്ത് റീസൈക്കിൾ ചെയ്യുന്ന ഫാക്ടറിയാണിത്. ഇവിടെ കംപ്രസ് ചെയ്ത പ്ലാസ്റ്റിക്കുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തം. വെള്ളമൊഴിക്കുന്തോറും പുകയുൾപ്പടെ കൂടുതൽ ശക്തമാകുന്നതാണ് നിലവിലെ സ്ഥിതി. പ്രദേശത്ത് കനത്ത മഴയുമുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഫാക്ടറിയിലെ വെളിച്ചം കണ്ട ജീവനക്കാരാണ് തീപിടിത്തം ആദ്യമറിഞ്ഞത്. തുടർന്ന് ഇവർ അറിയിച്ചപ്രകാരം ഫയർഫോഴ്‌സ് എത്തുകയായിരുന്നു. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. അപകടത്തിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം.