കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം; തീ അണക്കാനുള്ള ശ്രമം തുടരുന്നു
|രാവിലെ പത്ത് മണിയോടെയാണ് വെസ്റ്റ് ഹിൽ ബീച്ചിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിച്ചത്
കോഴിക്കോട്: വെസ്റ്റ് ഹില്ലിലെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തീപിടിത്തം.പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്ന കോർപറേഷന‍്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. പത്തിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
രാവിലെ പത്ത് മണിയോടെയാണ് വെസ്റ്റ് ഹിൽ ബീച്ചിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിച്ചത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വന്ന പ്രദേശവാസികളാണ് തീ ആദ്യം കണ്ടത്. പിന്നാലെ ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.
ആദ്യം ബിച്ച്, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ എത്തിയെങ്കിലും തീ പടർന്നതോടെ കൂടുതൽ ഫയർഫോഴ്സ് സംഘം എത്തുകയായിരുന്നു. സഹായത്തിന് ഇന്ത്യൻ ആർമിയുടെ 122 ഇൻഫെന്ററി ബറ്റാലിയനും ചേർന്നു. സമീപത്ത് വീടുകൾ ഇല്ലാത്തത് തീപിടിത്തത്തിന്‍റെ ആഴം കുറച്ചു. റോഡരികിൽ നിന്നും ശേഖരിക്കുന്ന മാലിന്യം സംസ്കരണ കേന്ദ്രത്തിലെത്തി വേർതിരിച്ച ശേഷം കയറ്റി അയക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ മാസങ്ങളായി മാലിന്യം വേർതിരിക്കാതെ കൂട്ടിയിട്ടിരിക്കുകയാണ്.
ഇതിനിടയിൽ പ്രദേശത്തേക്ക് വീണ്ടും മാലിന്യങ്ങൾ കയറ്റിയ ലോറി എത്തിയതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്ത് ഇനിയും മാലിന്യങ്ങൾ കുട്ടിയിടാൻ അനുവദിക്കില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. ജെ സി ബി ഉപയോഗിച്ച് മാലിന്യത്തിന്റെ അടിത്തട്ടിലേക്ക് പടർന്ന തീ അണക്കാനുള്ള ശ്രമമാണ് ഇപ്പോഴും പുരോഗമിക്കുന്നത്.