പാലോട് പടക്കനിര്‍മാണശാലയിലെ തീപിടിത്തം: സര്‍ക്കാര്‍ സഹായം ലഭിക്കാതെ കുടുംബം
|അപകടം നടന്നത് മൂന്ന് വര്‍ഷം മുമ്പ്.വീടും പുരയിടവും ജപ്തി ഭീഷണിയിലെന്ന് കുടുംബം
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പടക്ക നിര്‍മാണ ശാലയില്‍ തീപിടിത്തം ഉണ്ടായി രണ്ട് പേര് മരിക്കാനിടയായ അപകടത്തിൽ സര്‍ക്കാര്‍ സഹായം ലഭിക്കാതെ കുടുംബം.മൂന്ന് വര്‍ഷംമുമ്പാണ് ചൂടല്‍ പത്തായക്കയത്ത് ശൈലാസിന്റെ പടക്ക നിര്‍മാണശാലയില്‍ തീപിടിത്തമുണ്ടായത്.സര്‍ക്കാരിന്റെ ലൈസന്‍സോടെയായിരുന്നു പടക്കശാലയുടെ പ്രവര്‍ത്തനം.
2021 ഏപ്രില്‍ 14നായിരുന്നു പടക്കനിര്‍മാണശാലയില്‍ തീപിടിത്തം. ചൂടല്‍ പത്തായക്കയത്ത് സ്വദേശി ശൈലാസിന്റെ ഉടമസ്ഥതയിലായിരുന്നു പടക്ക നിർമ്മാണശാല. ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു തീപിടിത്തം. അപകടത്തില്‍ ശൈലസും തൊഴിലാളി സുശീലയും മരണപ്പെട്ടിരുന്നു.
ഇടിമിന്നലിനെ തുടര്‍ന്ന് പടക്കശാലക്ക് തീപിടിത്തമുണ്ടായെന്നാണ് നിഗമനം. അപകടത്തിന് തൊട്ടുമുമ്പ് ഇടിമിന്നലുണ്ടായതായി സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ഇടിമിന്നലിന് പിന്നാലെ വെടിമരുന്നിന് തീപിടിക്കുകയും ഉഗ്രസ്ഫോടനം ഉണ്ടാകുകയും ചെയ്തെന്നാണ് പടക്കശാലയിലെ തൊഴിലാളിയായ സുകുമാരന്‍ പറഞ്ഞത്.
ലൈസന്‍സോടെ പ്രവര്‍ത്തിച്ച പടക്കശാലയില്‍ അപകടമുണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ഫോറന്‍സിക് പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടില്ല.അപകടത്തിന് ശേഷം ഒന്നും ബാക്കിയില്ലെന്ന് ശൈലസിന്റെ ഭാര്യ സിസിലറ്റ് ഭായ് പറഞ്ഞു. കടബാധ്യതയെ തുടര്‍ന്ന് വീടും പുരയിടവും ജപ്തി ഭീഷണിയിലാണെന്നും കുടുംബം പറയുന്നു. എത്രയും വേഗം സര്‍ക്കാര്‍ സഹായം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.