ഇടപ്പള്ളിയില്‍ മൂന്നു നില കെട്ടിടത്തിന് തീ പിടിച്ചു
|ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു
എറണാകുളം ഇടപ്പള്ളിയിൽ തീപ്പിടിത്തം. കുന്നുംപുറത്തുള്ള മൂന്നുനില കെട്ടിടത്തിന് തീ പിടിച്ചത്. കുടുങ്ങിക്കിടന്നിരുന്നവരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെട്ടിടം പ്രവർത്തിച്ചിരുന്നതെന്ന് ജില്ലാ ഫയർ ഓഫീസർ പറഞ്ഞു.
ഇടപ്പള്ളി കുന്നുംപുറം സിഗ്നൽ ജംഗ്ഷന് സമീപം അമൃത അവന്യൂ എന്ന മൂന്നു നില കെട്ടിടത്തിന് രാവിലെ ഏഴരയോടെ തീ പിടിച്ചത്. കെട്ടിടത്തിലെ താഴ്ഭാഗത്ത് വാണിജ്യ സ്ഥാപനങ്ങളും മുകളിലെ രണ്ടു നിലകൾ ലോഡ്ജുമാണ്. രണ്ടാം നിലയിലെ മുറിയിൽ നിന്നാണ് തീപ്പിടിത്തമുണ്ടായതെന്നാണ് സൂചന. കെട്ടിടത്തിന് സമീപം ഉണ്ടായിരുന്ന ആളുകളാണ് പുക ഉയരുന്നത് കണ്ടത്.
അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചു. തീ ഉയരുന്നത് കണ്ട് ഭയന്ന് കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച രണ്ടു പേർക്ക് പരിക്കേറ്റു. ഒന്‍പതു പേരെ രക്ഷപെടുത്തി. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ആളുകളെ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സ്ഥലം സന്ദർശിച്ച കൊച്ചി മേയർ എം.അനിൽകുമാർ പറഞ്ഞു.