കോഴിക്കോട് വെസ്റ്റ്ഹിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം; ദുരൂഹതയുണ്ടെന്ന് കോര്‍പറേഷന്‍
|മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്നലെ രാത്രിയോടെയാണ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ പൂർണമായും അണച്ചത്
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ച് കോർപറേഷൻ .അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്കും വെള്ളയിൽ പോലീസിനും കോർപ്പറേഷൻ പരാതി നൽകി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്നലെ രാത്രിയോടെയാണ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ പൂർണമായും അണച്ചത്.
കോർപറേഷന് കീഴിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തിപിടുത്തത്തിന് പിന്നിൽ ചില ശക്തികൾ പ്രവർത്തിച്ചുവെന്നാണ് കോർപറേഷൻ ആരോപിക്കുന്നത്. തീ പിടിത്തത്തിന് പിന്നാലെ മേയർ രാജിവെക്കണം എന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്ക് ഉണ്ടെന്നും കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പറഞ്ഞു.
കോർപറേഷന്‍റെ നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണം പൂർത്തിയായി. തീ പിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ടല്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ .കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകളും നടത്തും . 10 ഫയർഫോഴ്സ് യൂണിറ്റുകളുടെ സഹായത്തോടെ 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് രാത്രിയോടെ തീ പൂർണ്ണമായും അണച്ചത്. അതേസമയം സംഭവത്തിൽ ബി.ജെ.പി പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.