പോപ്പുലർ ഫ്രണ്ടിന് ഫയർ ഫോഴ്‌സ് പരിശീലനം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; മൂന്ന് പേരെ സ്ഥലം മാറ്റി
|മതരാഷ്ട്രീയ സംഘടനകൾക്ക് ഫയർഫോഴ്‌സ് സേനാംഗങ്ങൾ പരിശീലനം നൽകുന്നത് വിലക്കി ഫയർഫോഴ്‌സ് മേധാവി സർക്കുലർ ഇറക്കി
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും മൂന്ന് പേരെ സ്ഥലം മാറ്റുകയും ചെയ്തു. റീജിയണൽ ഓഫീസർ കെ കെ ഷൈജു, ജില്ലാ ഓഫീസർ ജെ എസ് ജോഗി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പ്രവർത്തകർക്ക് പരിശീലനം നൽകിയത്.
കഴിഞ്ഞ മാസം മുപ്പതിനാണ് ആലുവ ടൗൺ ഹാളിൽവച്ച് പോപ്പുലർ ഫ്രണ്ട് റിലീഫ് ടീമിനായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശീലനം നൽകിയത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. അതേസമയം പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയ ഫയർമാനെതിരെ നടപടി പാടില്ലെന്ന് കേരള ഫയർ സർവ്വീസ് അസോസിയേഷൻ വ്യക്തമാക്കി. മേൽ ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിച്ചാണ് മൂന്ന് ഫയർമന്മാർ പരിശീലനം നൽകിയത്. ഇതിനാൽ ഇവർക്കെതിരെ നടപടി പാടില്ലെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഫയർ ഫോഴ്‌സ് മേധാവിയോടും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യം അറിയിച്ചു.
മൂന്ന് ഫയർമാൻ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നായിരുന്നു ഫയർ ഫോഴ്‌സ് മേധാവിയുടെ ശുപാർശ.അതിനിടെ, മതരാഷ്ട്രീയ സംഘടനകൾക്ക് ഫയർഫോഴ്‌സ് സേനാംഗങ്ങൾ പരിശീലനം നൽകുന്നത് വിലക്കി ഫയർഫോഴ്‌സ് മേധാവി സർക്കുലർ ഇറക്കി. എറണാകുളത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഫയർഫോഴ്‌സ് മേധാവി സർക്കുലർ പുറപ്പെടുവിച്ചത്.
സർക്കാർ അംഗീകൃത സന്നദ്ധ സംഘടനകൾ, വ്യാപാരി-വ്യവസായി മേഖലയുമായി ബന്ധപ്പെട്ട കൂട്ടായ്മകൾ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്ക് മാത്രം പരിശീലനം നൽകിയാൽ മതിയാകുമെന്നും അപേക്ഷ ലഭിച്ച്, പരിശീലനത്തിന് ആളെ വിട്ടുനൽകുന്നതിന് മുമ്പായി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്നും സർക്കുലറിൽ പരാമർശിക്കുന്നുണ്ട്.
ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വിമർശനവുമായി ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിരുന്നു. അതേസമയം സംഭവത്തിൽ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ വാദിക്കുന്നത്. സന്നദ്ധ സംഘടനകൾ റസിഡൻറ് അസോസിയേഷനുകൾ വിവിധ എൻ.ജി.ഒകൾ എന്നിവക്ക് പരിശീലനം നൽകാറുണ്ട്. ഇതുപോലുള്ള പരിശീലനം മാത്രമാണ് നൽകിയതെന്നും രാഷ്ട്രീയ പാർട്ടികളുടെ വേദിയിൽ വെച്ച് പ്രവർത്തകർക്ക് പരിശീലനം നൽകരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം.