അജ്മീറിൽ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്
|കൊച്ചിയിൽ നിന്ന് എത്തിയ സംഘത്തിന് നേരെയുണ്ടായ വെടിവെപ്പിൽ ആർക്കും പരിക്കില്ല
അജ്മീര്‍: രാജസ്ഥാനിലെ അജ്മീറിൽ കേരള പൊലീസ് അന്വേഷണ സംഘത്തിന് നേരെ വെടിവെപ്പ്. സ്വർണമോഷ്ടാക്കളെ പിടികൂടാൻ ആലുവയിൽ നിന്നെത്തിയ സംഘത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. അജ്മീർ പൊലീസിന്റെ സഹായത്തോടെ പ്രതികളെ കേരള പൊലീസ് പിടികൂടി.
പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ആലുവ കുട്ടമശ്ശേരി മുഹമ്മദലിയുടെ വീട്ടിലും എസ്.പി ഓഫീസിന് സമീപം മൂഴയിൽ ബാബുവിൻ്റെ വീട്ടിലും കവർച്ച നടന്നത്. മോഷണക്കേസിലെ പ്രതികളെ പിടികൂടാനാണ് കേരള പൊലിസിന്റെ പ്രത്യേക സംഘം അജ്മീറിലെത്തിയത്. കമാലി ഗേറ്റ് ദർഗക്ക് സമീപത്തെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് പ്രതികളെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ ഇവർ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
പ്രതികളായ ഉത്തരാഖണ്ഡ് സ്വദേശികൾ ഷെഹ്സാദ്, സാജിദ് എന്നിവരെ 3 മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് അജ്മീർ പൊലീസിന്റെ സഹാത്തോടെ പിടികൂടിയത് . വെടിവെപ്പിൽ കേരള പൊലീസിനെ അനുഗമിച്ച രാജസ്ഥാൻ പൊലീസ് ഉദ്യാഗസ്ഥന് നിസ്സാര പരിക്കേറ്റു. പ്രതികളിൽ നിന്ന് രണ്ട് പിസ്റ്റളുകളും ഏഴ് വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്ക് എതിരെ രാജസ്ഥാൻ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ആലുവയിൽ എത്തിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.