ബ്രഹ്മപുരത്തെ തീ പൂര്‍ണമായി അണച്ചെന്ന് കലക്ടര്‍; ആറാം ദിനവും പുകശല്യത്തിന് ശമനമായില്ല
|തീപിടിത്തം ഉണ്ടായി ആറാം ദിവസവും കൊച്ചിയും പരിസരപ്രദേശങ്ങളും വിഷപ്പുക കൊണ്ട് നിറയുകയാണ്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ പൂര്‍ണമായി അണച്ചെന്ന് ജില്ലാ കലക്ടര്‍. മാലിന്യത്തില്‍ നിന്ന് ഉയരുന്ന പുക നിയന്ത്രിക്കാനായിട്ടില്ല. ഇത് നിയന്ത്രണവിധേയമാക്കാനുളള നടപടികളാണ് തുടരുന്നത്. തീപിടിത്തം ഉണ്ടായി ആറാം ദിവസവും കൊച്ചിയും പരിസരപ്രദേശങ്ങളും വിഷപ്പുക കൊണ്ട് നിറയുകയാണ്. തീ വ്യോമസേനയുടെ കൂടുതല്‍ ഹെലികോപ്ടറുകളെത്തിച്ച് പുക ശമിപ്പിക്കാനുളള പ്രവൃത്തി തുടരുകയാണ്. ആരോഗ്യപ്രശ്നങ്ങളുമായി നിരവധി പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്.
തീ അണക്കാനുള്ള ശ്രമങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കിയപ്പോൾ പുക നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് തന്നെയാണ് വിലയിരുത്തൽ. ഈ സഹാചര്യത്തിലാണ് ഹൈക്കോടതി സ്വമേധയ കേസെടുത്തത്. ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. മാലിന്യ നിര്‍മാര്‍ജന ചട്ടങ്ങള്‍ ലംഘിച്ചതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡും നടപടിയെടുത്തിരുന്നു. 1.8 കോടി രൂപയാണ് കൊച്ചി കോര്‍പറേഷന് ചുമത്തിയിരിക്കുന്ന പിഴ.
ബ്രഹ്മപുരത്തെ തീപിടിത്തത്തോടെ മാലിന്യനീക്കം നിലച്ചത് കൊച്ചിക്ക് പുറമെ സമീപ നഗരസഭകളിലെയും ചില പഞ്ചായത്തിലെയും മാലിന്യസംസ്കരണം പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന് പരിഹാരമായി ജൈവമാലിന്യം സംസ്കരിക്കാന്‍ അമ്പലമേട്ടില്‍ സ്ഥലം കണ്ടെത്തി. കോർപറേഷൻ, കിൻഫ്ര, ഫാക്ട് എന്നിവ സംയുക്തമായാണ് ഇതിന് നടപടി സ്വീകരിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കരുതെന്ന് നിര്‍ദേശം ഉണ്ട്.
അതേസമയം ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ ഇടപെടലാവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന് കത്തയച്ചത് . ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുക. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്തയച്ചത്.