Kerala
മരിച്ചാലും യുഡിഎഫിനെ തള്ളിപ്പറയില്ല; പ്രവർത്തകരോട് ക്ഷമ ചോദിക്കുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍
Kerala

'മരിച്ചാലും യുഡിഎഫിനെ തള്ളിപ്പറയില്ല'; പ്രവർത്തകരോട് ക്ഷമ ചോദിക്കുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍

Web Desk
|
5 May 2021 8:34 AM GMT

'അറിവില്ലായ്മ കൊണ്ടും രാഷ്ട്രീയ രംഗത്ത് തുടക്കക്കാരൻ എന്ന നിലയിലും നൽകിയ ഇന്റർവ്യൂ കാരണം യുഡിഎഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ക്ഷമ ചോദിക്കുന്നു'

യുഡിഎഫിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മരിച്ചാലും യുഡിഎഫിനെ തള്ളിപ്പറയില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ. 15 മിനിറ്റ് നീണ്ട അഭിമുഖത്തിൽ നിന്നും ഒരു മിനിട്ട് മാത്രമെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചാനലുകൾ വാർത്ത നൽകിയതെന്ന് ഫിറോസ് ആരോപിച്ചു.

യുഡിഎഫിനെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ല. നിയോജക മണ്ഡലത്തിലെ കാര്യങ്ങളെ കുറിച്ചാണ് ആദ്യം ചോദിച്ചത്. അവസാന ചോദ്യം മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചായിരുന്നു. എന്നാൽ ആ ഭാ​ഗം മാത്രമാണ് ചാനലുകാർ കാണിച്ചത്. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് താന്‍ പറയുകയുണ്ടായി. യുഡിഎഫ് പ്രവർത്തകർ നൽകിയ പിന്തുണയിൽ ആണ് 20 ദിവസത്തോളം പ്രചാരണം നടത്താനായത്. തവനൂർ നിയോജക മണ്ഡലത്തിൽ ഭൂരിപക്ഷം കുറക്കാൻ സാധിച്ചതിൽ തനിക്കൊപ്പം പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകർക്ക് അഭിമുഖത്തില്‍ നന്ദി അറിയിക്കുകയും ചെയ്തതാണെന്ന് ഫിറോസ് വിശദീകരിച്ചു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച്, യുഡിഎഫിനെ തള്ളിപ്പറഞ്ഞു എന്ന് പറയുന്നത് ശരിയല്ല. മുഖ്യമന്ത്രിക്ക് വിജയിച്ചതും പരാജയപ്പെട്ടതുമായ എംഎല്‍എമാര്‍ ആശംസകള്‍ അറിയിച്ചിട്ടില്ലേ? അതേകാര്യം തന്നെയാണ് താനും പറഞ്ഞത്. പിന്നെ എന്തിനാണ് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത്? ഇലക്ഷന് മത്സരിക്കാന്‍ തീരുമാനിച്ചത് മുതല്‍ ഇന്ന് വരെ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഫിറോസ് പറഞ്ഞു. താന്‍ പറഞ്ഞതിനെ വളച്ചൊടിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തന്നെ തെറ്റിദ്ധരിക്കരുത്. മരിച്ചാലും യുഡിഎഫിനെ കുറ്റംപറയുകയോ തള്ളിപ്പറയുകയോ ചെയ്യില്ല. ലീഗ് അനുഭാവിയാണ് താന്‍. നിഷ്പക്ഷനായി ചാരിറ്റി തുടരും. താന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫിറോസ് കുന്നംപറമ്പില്‍ വീഡിയോയില്‍ വ്യക്തമാക്കി.

പിന്നാലെ ഇന്ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഫിറോസ് കുന്നംപറമ്പില്‍ പറയുന്നത് ഇങ്ങനെയാണ്- "ഞാന്‍ മത്സരിച്ചത് ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ മഹാരഥന്മാർ മത്സരിച്ച കൈപ്പത്തി ചിഹ്നത്തിൽ ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ആണ് ഒന്നുമല്ലാത്ത എനിക്ക് തവനൂരിൽ മത്സരിക്കാൻ സീറ്റ്‌ നൽകിയത്. കോൺഗ്രസ്‌, ലീഗ് പ്രവർത്തകരും നേതാക്കളും താങ്ങും തണലുമായി നിന്നു. കേരളത്തിലെ എൽഡിഎഫ് വിജയം രാഷ്ട്രീയത്തിൽ വലിയ പരിചയം ഇല്ലാത്ത ഒരാൾ എന്ന നിലക്ക് ഞാൻ വിലയിരുത്തിയത് കിറ്റും പെൻഷനും നൽകിയത് കൊണ്ടാണ് എന്നാണ്. എന്‍റെ അറിവില്ലായ്മ കൊണ്ടും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കക്കാരൻ എന്ന നിലയിലും നൽകിയ ഇന്റർവ്യൂ കാരണം വലിയ രൂപത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് ഉണ്ടായ വിഷമത്തിൽ ഞാന്‍ ക്ഷമ ചോദിക്കുകയാണ്".

ഞാൻ ഒരിക്കലും udf നെ തള്ളിപറഞ്ഞിട്ടില്ല

ഇതൊന്ന് കേൾക്കണം

Posted by Firoz Kunnamparambil Palakkad on Tuesday, May 4, 2021

പ്രിയപ്പെട്ട യുഡിഫ് പ്രവർത്തകരെ......

ഞാൻ ഏഷ്യാനെറ്റ്‌, 24ന്യൂസ്‌ എന്നിവക്ക് നൽകിയ 15മിനുട്ട് ഇന്റർവ്യൂ സ്വന്തം...

Posted by Firoz Kunnamparambil Palakkad on Wednesday, May 5, 2021

Similar Posts