![first batch of Hajj pilgrims from Kannur will leave tomorrow first batch of Hajj pilgrims from Kannur will leave tomorrow](https://www.mediaoneonline.com/h-upload/2024/05/31/1426067-kannur-airport.webp)
കണ്ണൂരിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം നാളെ പുറപ്പെടും
![](/images/authorplaceholder.jpg?type=1&v=2)
3164 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നത്.
കണ്ണൂർ: കണ്ണൂരിൽനിന്നുളള ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം നാളെ യാത്ര പുറപ്പെടും. 381 ഹാജിമാരാണ് സംഘത്തിലുളളത്. നാളെ പുലർച്ചെ 5.55നാണ് കണ്ണൂരിൽ നിന്നുളള ആദ്യ വിമാനം യാത്ര പുറപ്പെടുക. ഹാജിമാരുമായുളള സൗദി എയർലൈൻസ് വിമാനം രാവിലെ 8.50 ന് ജിദ്ദയിലെത്തും. ജൂൺ മൂന്നിന് രണ്ട് വിമാനങ്ങളാണ് കണ്ണൂരിൽ നിന്നുണ്ടാവുക. ജൂൺ 10 വരെ ആകെ ഒമ്പത് വിമാനങ്ങളാണ് കണ്ണൂരിൽ നിന്നും ഹജ്ജ് യാത്രക്കായി തയ്യാറാക്കിയിട്ടുളളത്. 3164 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളം വഴി ഹജ്ജ് യാത്രക്ക് പോകുന്നത്. ഇതിൽ 1265 പുരുഷന്മാരും 1899 പേർ സ്ത്രീകളുമാണ്. 54 ഇതര സംസ്ഥാനക്കാരും ഇത്തവണ കണ്ണൂർ വഴി ഹജ്ജിന് പോകുന്നുണ്ട്.
എഴുനൂറോളം ഹാജിമാർക്ക് താമസിക്കാനുളള വിപുലമായ സൗകര്യങ്ങൾ ഇത്തവണ കണ്ണൂർ എയർപോർട്ടിൽ ഒരുക്കിയിട്ടുണ്ട്. കണ്ണൂർ എമ്പാർക്കേഷൻ പോയിന്റിൽ സ്ഥിരമായ ഹജ്ജ് ഹൗസ് സംവിധാനം ഒരുക്കുന്നതും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. 18 വകുപ്പുകളുടെ ഏകോപിച്ചുളള സംവിധാനങ്ങൾ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. ജനകീയ സ്വാഗതസംഘത്തിന്റെ 11 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലുളള വിപുലമായ സേവനങ്ങളും ക്യാമ്പിലുണ്ട്. കണ്ണൂരിലേക്കുളള ഹാജിമാരുടെ മടക്കയാത്ര മദീനയിൽനിന്നാണ്. ജൂലൈ 10ന് ഉച്ചക്ക് ആദ്യ മടക്കയാത്രാ വിമാനം കണ്ണൂരിലെത്തും.