ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ ആദ്യ മഴ; നനയരുതെന്ന് മുന്നറിയിപ്പ്
|ആസിഡ് മഴയ്ക്കടക്കം സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.
കൊച്ചി:ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ ആദ്യ മഴ. ഇടിമിന്നലോടു കൂടിയാണ് ശക്തമായ മഴയുണ്ടായത്. തീപിടിത്ത ശേഷം ആദ്യം പെയ്യുന്ന മഴ ശ്രദ്ധിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.
കളമശേരി, കലൂർ അടക്കമുള്ള വിവിധയിടങ്ങളിലാണ് വൈകീട്ട് ഏഴോടെ ശക്തമായ മഴയുണ്ടായത്. ബ്രഹ്മപുരത്ത് 12 ദിവസമെടുത്താണ് പുകയും തീയും അണയ്ക്കാൻ കഴിഞ്ഞത്. വലിയ തോതിൽ വിഷപ്പുക അന്തരീക്ഷത്തിൽ പടരുകയും ഇത് വായുമലിനീകരണത്തിന് കാരണമാവുകയും ചെയ്തിരുന്നു.
കൊച്ചിയിലെ വായു ഗുണനിലവാര സൂചിക ഏറ്റവും മോശമായ സ്ഥിതിയിലാണ്. ഇതോടൊപ്പം രാസബാഷ്പ മാലിന്യമായ പി.എം 2.5ന്റെ തോത് വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. ഇതൊക്കെ ആസിഡ് മഴയ്ക്കടക്കം സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.
അതിനാൽ ആദ്യ മഴ നനയരുതെന്നും കൊച്ചിക്കാർ വീടുകളിൽ തന്നെ കഴിയണമെന്നും നിർദേശമുണ്ട്. മഴ നനയുന്നത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്നാണ് മുന്നറിയിപ്പ്.