പെരിയാറിലെ മത്സ്യക്കുരുതി; അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു
|രാസമാലിന്യത്തിന്റെ സാന്നിധ്യം കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
എറണാകുളം: കുഫോസിലെ വിദഗ്ധ സമിതി തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മീനുകളില്‍ നടത്തിയ പരിശോധനയിലും രാസസാന്നിധ്യം കണ്ടെത്തി. ക്രമാതീതമായ അളവില്‍ രാസമാലിന്യം പെരിയാറില്‍ കലര്‍ന്നിട്ടുണ്ടെന്ന കുഫോസിന്റെ പ്രാഥമിക കണ്ടെത്തലുകളുടെ തുടർച്ചയാണ് അന്തിമറിപ്പോർട്ട്.
പെരിയാറില്‍ അമിതമായി കലര്‍ന്ന അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നിവയുടെ സാന്നിധ്യമാകാം മത്സ്യക്കുരുതിക്ക് കാരണമെന്ന കുഫോസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് വിദഗ്ധ സമിതിയുടെ സമഗ്രപഠന റിപ്പോര്‍ട്ട്. ജല പരിശോധനക്ക് പുറമെ ചത്തുപൊങ്ങിയ മീനുകളില്‍ നടത്തിയ പരിശോധനയിലും ഈ രാസസാന്നിധ്യം കണ്ടെത്തി. പെരിയാറില്‍ രാസമാലിന്യത്തിന്റെ സ്ഥിരമായ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
പെരിയാറിനെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിനായുള്ള ഒട്ടേറെ നിര്‍ദേശങ്ങളും കുഫോസ് മുന്നോട്ട് വച്ചിട്ടുണ്ട്. പെരിയാറിലെ മത്സ്യക്കുരുതിയെ തുടര്‍ന്ന് കഴിഞ്ഞ 22-നാണ് കുഫോസിലെ ഗവേഷകര്‍ ഉള്‍പ്പെടുന്ന ഏഴംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകളും പരിസ്ഥിതി സംഘടനകളും ഉന്നയിച്ചിട്ടുണ്ട്.
പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജ് തുറന്നപ്പോള്‍ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് കാരണമെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ട്. പ്രാഥമിക റിപ്പോര്‍ട്ടില്‍ തന്നെ രാസസാന്നിധ്യം ഉണ്ടെന്ന കുഫോസ് റിപ്പോര്‍ട്ട് അവഗണിച്ച് പിസിബി വാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കുഫോസിന്റെ സമഗ്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെരിയാറിലെ മത്സ്യക്കുരുതിയില്‍ സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.