മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റിട്ട് നാല് ദിവസം: ഉത്തരം തേടി തീരദേശപൊലീസ്; അന്വേഷണം ഊര്‍ജിതം
|കടലിൽ ഇന്നും തെളിവെടുപ്പ് നടത്തിയേക്കും
കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ഫോർട്ട് കൊച്ചി തീരദേശ പൊലീസ്. കടലിൽ ഇന്നും പൊലീസ് തെളിവെടുപ്പ് നടത്തിയേക്കും. കോടതി നടപടികൾ പൂർത്തിയായ ശേഷമായിരിക്കും വെടിയുണ്ട ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുക.
ഫോർട്ടുകൊച്ചി നാവീക പരിശിലന കേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യക്ക് സമീപത്ത് വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ് നാല് ദിവസമായിട്ടും വെടിയുതിർത്തത് ആരെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നാവിക സേനയുടെ പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതാകാമെന്ന സംശയത്തിലാണ് പൊലീസ്.
നാവിക സേന ഇക്കാര്യം തളളിയെങ്കിലും സേനയുടെ പരിശീലന വിവരങ്ങൾ പൊലീസ് തേടിയിട്ടുണ്ട്. ഒപ്പം നാവിക സേന പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടെയും വെടിയുണ്ടകളുടെയും വിശദാംശങ്ങളും തേടും. ബാലിസ്റ്റിക് വിദഗ്ധനെ സംഭവം നടന്ന സ്ഥലത്തെത്തിച്ചു ശാസ്ത്രീയ അന്വേഷണം നടത്താനും പോലീസ് ആലോചിക്കുന്നുണ്ട്. സംഭവം നടന്ന മത്സ്യബന്ധന ബോട്ടിൽ യാത്ര ചെയ്തായിരുന്നു കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പ് . വെടിയുണ്ട ശാസ്ത്രീയ പരിശോധനക്ക് അയക്കുന്ന നടപടികൾ പൂർത്തിയാക്കി കോടതിയുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് പൊലീസ്.