Kerala
മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക പരിശീലന കേന്ദ്രത്തില്‍ പൊലീസ് പരിശോധന
Kerala

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക പരിശീലന കേന്ദ്രത്തില്‍ പൊലീസ് പരിശോധന

ijas
|
10 Sep 2022 11:26 AM GMT

ബാലിസ്റ്റിക്ക് വിദഗ്ധന്‍റെ സഹായത്തോടെയാണ് പരിശോധന നടന്നത്

കൊച്ചി: ഫോർട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ കേസില്‍ നാവിക പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ പൊലീസ് പരിശോധന. ബാലിസ്റ്റിക്ക് വിദഗ്ധന്‍റെ സഹായത്തോടെയാണ് പരിശോധന നടന്നത്.

ബുധൻ രാവിലെ അൽ റഹ്‌മാൻ എന്ന ഇൻബോർഡ്‌ വള്ളത്തിൽ മീൻപിടിക്കാൻപോയ ആലപ്പുഴ അന്ധകാരനഴി മണിച്ചിറയിൽ സെബാസ്റ്റ്യനാണ്‌ (70) വെടിയേറ്റത്‌. വലതുചെവിയുടെ താഴെ കൊണ്ട വെടിയുണ്ട ചെവി തുളച്ച്‌ കഴുത്തിലും മുറിവേൽപ്പിച്ചിരുന്നു. നാവികസേന പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയുടെ സമീപത്ത് വെച്ചായിരുന്നു സംഭവം. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങവേ സെബാസ്റ്റ്യൻ പൊടുന്നനെ ബോട്ടിനുള്ളിൽ വീഴുകയായിരുന്നു. ചെവിയിൽ നിന്ന് ചോരയൊലിക്കാൻ തുടങ്ങിയതോടെയാണ് വെടിയേറ്റതാവാം എന്ന നിഗമനത്തിലെത്തുന്നത്. സെബാസ്റ്റ്യനൊപ്പം മുപ്പതോളം മത്സ്യത്തൊഴിലാളികളും ബോട്ടിലുണ്ടായിരുന്നു.

അതെ സമയം വെടിയേറ്റ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് നാവിക സേന അധികൃതര്‍ അറിയിച്ചു. വെടിയുണ്ട പരിശോധിച്ചതിന് ശേഷമാണ് നാവിക സേന വിശദീകരണം അറിയിച്ചത്. വെടിയേറ്റ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി തീരദേശ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം വെടിയുണ്ട ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

Similar Posts