പുറം കടലിൽ പോത്ത്; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി മത്സ്യതൊഴിലാളികൾ
|കല്ലായി കോതിപ്പാലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് പുലർചെ 2 മണിക്ക് പുറംകടലിൽ പോത്തിനെ കണ്ടത്
കടലിൽ കണ്ട പോത്തിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ച് മത്സ്യതൊഴിലാളികൾ. കോഴിക്കോട് കല്ലായി കോതിപ്പാലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് പുലർചെ 2 മണിക്ക് പുറംകടലിൽ കണ്ട പോത്തിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തിയത്.
ബുധനാഴ്ച രാത്രി 12നാണ് അറഫ,സാല റിസ എന്നീ രണ്ട് ഫൈബർ വള്ളങ്ങളിലായി എ. ടി.റാസി, എ.ടി.ഫിറോസ്,എ.ടി. സക്കീർ,എ. ടി.ദിൽഷാദ് എന്നീ മത്സ്യ തൊഴിലാളികൾ മീൻപിടിക്കാനായി കടലിൽ പോവുന്നത്. വല ഇട്ടപ്പോൾ അസാധാരണ ശബ്ദം കേട്ടെ് ആദ്യം ഭയന്നെങ്കിലും ടോർച്ചടിച്ച് നോക്കിയപ്പോഴാണ് പോത്ത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് വല വേഗത്തിൽ എടുത്ത ശേഷം പോത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. എന്നാൽ, ഭയന്ന പോത്ത് അടുക്കുന്നുണ്ടായിരുന്നില്ല. വലിച്ചു വള്ളത്തിൽ കയറ്റാനും സാധിച്ചില്ല. മുഹമ്മദ് റാഫി വെള്ളത്തിലേക്ക് ചാടി പോത്തിന്റെ കഴുത്തിലെ കയറിൽ മറ്റൊരു കയർ കെട്ടി അതിനെ വള്ളത്തിലേക്ക് അടുപ്പിച്ചു. പിന്നീട് പോത്തിനെ വള്ളത്തോട് ചേർത്ത് നിർത്തി കരയിലേക്ക് പുറപ്പെട്ടു.
അവശനായ പോത്ത് കടലിൽ മുങ്ങാതിരിക്കാൻ രണ്ട് കന്നാസുകൾ പോത്തിന്റെ ശരീരത്തിൽ കെട്ടിയിരുന്നു. പോത്തിനെയും കൊണ്ട് കോതി അഴിമുഖത്ത് എത്തുമ്പോൾ രാവിലെ 8 മണിയായി. മീൻ പിടിക്കാൻ കഴിയാത്തതിനാൽ ഒരു ദിവസത്തെ വരുമാനം നഷ്ടമായെങ്കിലും ജീവനുള്ള പോത്തിനെ കടലിലുപേക്ഷിച്ച് പോരാൻ മനസ് വന്നില്ലെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു.
കരയിലെത്തിച്ച പോത്തിനെ പിന്നീട് ഇവർ ഉടമക്ക് കൈമാറി.