Kerala
seaplane
Kerala

സീപ്ലെയിൻ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികൾ സമരത്തിന്​; ആലപ്പുഴയിൽ ഇന്ന്​ സംയുക്ത യോഗം

Web Desk
|
17 Nov 2024 4:25 AM GMT

എല്ലാ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും

ആലപ്പുഴ: സീപ്ലെയിൻ പദ്ധതിക്കെതിരായ സമരപരിപാടികൾക്ക് രൂപം നൽകാൻ മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം ഞായറാഴ്​ച ആലപ്പുഴയിൽ. സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

പദ്ധതി കായലിലേക്ക് കൊണ്ടുവരുന്നത് മാത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നാണ് തൊഴിലാളി സംഘടനകൾ ആശങ്കയായി മുന്നോട്ടുവെക്കുന്നത്. 2013ൽ യുഡിഎഫ് സർക്കാറി​െൻറ കാലത്ത് പദ്ധതി കൊണ്ടുവന്നപ്പോൾ തൊഴിലാളി സംഘടനകൾ യോജിച്ച് ശക്തമായ സമരം നടത്തിയിരുന്നു.

സീപ്ലെയിൻ മത്സ്യമേഖലയെ ബാധിച്ചാൽ എതിർക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് നേരത്തെ പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ, പി.പി ചിത്തരഞ്​ജൻ എംഎൽഎ അടക്കമുള്ള നേതാക്കൾ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും.

ഇടുക്കിയിൽ സീ ​പ്ലെയിൻ പദ്ധതിക്കെതിരെ വനം വകുപ്പും രംഗത്തുവന്നിട്ടുണ്ട്​. മനുഷ്യ വന്യജീവി സംഘർഷങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച്​ ഇടുക്കി ജില്ലാ കലക്ടർക്ക് വനം വകുപ്പ്​ റിപ്പോർട്ട് നൽകി​. മാട്ടുപ്പെട്ടി അതീവ പരിസ്ഥിതിലോല മേഖലയാണ്​. വിമാനത്തിന്റെ ലാൻഡിങ് സോൺ ആനത്താരയാണെന്നും ദേശീയോദ്യാനങ്ങൾക്ക് സമീപത്താണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയോടെ മറ്റു മാർഗങ്ങൾ തേടണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. മൂന്നാർ ഡിഎഫ്ഒയാണ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.

സീ ​പ്ലെയിനിന്റെ പരീക്ഷണപ്പറക്കലിന് മുന്നോടിയായി ചേർന്ന യോഗത്തിലും വനംവകുപ്പ് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചിരുന്നു. പാമ്പാടുംചോല, ആനമുടിച്ചോല, കുറിഞ്ഞിമല സങ്കേതം തുടങ്ങിയ നിരവധി ഉദ്യാനങ്ങളുള്ള പ്രദേശമാണിത്. പരിസ്ഥിതിലോല മേഖലയിൽ പദ്ധതി കൊണ്ടുവരുന്നതിനെതിരെ പരിസ്ഥിതി സംഘടനകൾ പ്രതിഷേധിക്കുമെന്നും നിഗമനമുണ്ട്.

ദിവസങ്ങൾക്ക്​ മുമ്പാണ്​ സീപ്ലെയി​െൻറ പരീക്ഷണപ്പറക്കൽ നടന്നത്​. കൊച്ചി ബോൾഗാട്ടിയിൽനിന്ന് പുറപ്പെട്ട വിമാനം മാട്ടുപ്പെട്ടി അണക്കെട്ടിൽ പറന്നിറങ്ങുകയായിരുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും വിവിധ ജലാശയങ്ങളെയും ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്​.

Related Tags :
Similar Posts