Kerala
രേഖകളില്ലാതെ തോക്ക് കൈവശം വച്ച അഞ്ച് കശ്മീർ സ്വദേശികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ
Kerala

രേഖകളില്ലാതെ തോക്ക് കൈവശം വച്ച അഞ്ച് കശ്മീർ സ്വദേശികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ

Web Desk
|
2 Sep 2021 1:49 AM GMT

എ.ടി.എമ്മിൽ പണം നിറയ്ക്കുന്ന സ്വകാര്യ ഏജൻസിയുടെ സുരക്ഷ ഗാർഡുകളാണ് പിടിയിലായത്

കൃത്യമായ രേഖകളില്ലാതെ തോക്ക് കൈവശം വച്ച 5 കശ്മീർ സ്വദേശികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. എ.ടി.എമ്മിൽ പണം നിറയ്ക്കുന്ന സ്വകാര്യ ഏജൻസിയുടെ സുരക്ഷ ഗാർഡുകളാണ് പിടിയിലായത്. കരമന പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ നിയോഗിച്ച റിക്രൂട്ടിംഗ് ഏജൻസിയെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.

കശ്മീർ സ്വദേശികളായ ഷൗക്കത്തലി, ഷാക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ മുഹമ്മദ് ജാവേദ് എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന സ്വകാര്യ ഏജൻസികളിലൊന്നായ സിസ്കോയിൽ സുരക്ഷാ ഗാർഡുകളാണ് അഞ്ചുപേരും. മഹാരാഷ്ട്രയിലെ ഏജൻസി മുഖേന സിസ്കോയിൽ ജോലി ചെയ്യുന്ന ഇവർ കഴിഞ്ഞ ഒരു വർഷമായി കേരളത്തിലുണ്ട്. എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ പോകുന്ന സമയത്ത് ഇവർ കൈവശം വെക്കുന്ന ഇരട്ടക്കുഴൽ തോക്കുകൾക്ക് കൃത്യമായ രേഖകൾ ഇല്ലെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവർ ഉപയോഗിക്കുന്ന 5 തോക്കുകളുടെയും രേഖകൾ പൊലീസ് ആദ്യം ആവശ്യപ്പെട്ടു. ഹാജരാക്കിയ രേഖകൾ പരിശോധിച്ചശേഷം കശ്മീരിലെ രജൗരിയിലുള്ള എ.ഡി.എമ്മുമായി പൊലീസ് ബന്ധപ്പെട്ടു. എന്നാൽ ഇത്തരം രേഖകൾ നൽകിയിട്ടില്ലെന്ന് എ.ഡി.എം നിലപാടെടുത്തതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.

അഞ്ച് തോക്കുകളും 25 വെടിയുണ്ടകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ തോക്കിനുള്ള രേഖകൾ നൽകിയത് മഹാരാഷ്ട്രയിലെ റിക്രൂട്ടിംഗ് ഏജൻസിയാണെന്നാണ് അഞ്ചു പേരും നൽകിയിരിക്കുന്ന മൊഴി. ഇതോടെ ഏജൻസി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Similar Posts