മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; കാപ്പാക്കേസ് പ്രതിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
|നാട്ടുകാർക്ക് നേരെയും സംഘം വടിവാൾ വീശി
പത്തനംതിട്ട: കവിയൂരിൽ മാരകായുധങ്ങളുമായി പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പാക്കേസ് പ്രതി അടക്കം അഞ്ചുപേരെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് മാരകായുധങ്ങൾ പൊലീസ് പിടിച്ചെടുത്തു.
കവിയൂർ പുന്നിലം ജംഗ്ഷന് സമീപം പല വാഹനങ്ങളിലായി എത്തിയ സംഘാംഗങ്ങൾ വാക്കേറ്റത്തിനൊടുവിൽ തമ്മിലടിക്കുകയായിരുന്നു. നാട്ടുകാർക്ക് നേരെയും സംഘം വടിവാൾ വീശി. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇവരെ പിടികൂടിയത്.
കാപ്പ കേസ് പ്രതിയായിരുന്ന അനീഷ് കെ.എബ്രഹാം, അജയകുമാർ, അനിൽകുമാർ, സുമിത്ത്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. അനീഷ് കെ എബ്രഹാം മൂന്നുമാസം മുമ്പാണ് കാപ്പാ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.