മരംകൊള്ള വനംവകുപ്പിന്‍റെ അഞ്ച് സംഘങ്ങള്‍ അന്വേഷിക്കും
|മരംമുറിക്കാനുള്ള അനുമതി വനംകൊള്ളക്ക് കാരണമാകുമെന്ന് വയനാട് കളക്ടര്‍ അദീല അബ്ദുല്ല ഡിസംബർ 15ന് അയച്ച കത്ത് പുറത്തുവന്നു
മരംകൊള്ള സംസ്ഥാന വ്യാപകമായി അന്വേഷിക്കാന്‍ വനം വകുപ്പ് അഞ്ച് സംഘങ്ങളെ നിയോഗിച്ചു. ഇതിനിടെ മരംമുറിക്കാനുള്ള അനുമതി വനംകൊള്ളക്ക് കാരണമാകുമെന്ന വയനാട് കളക്ടര്‍ ഡിസംബർ 15ന് അയച്ച കത്ത് പുറത്തുവന്നു. മരംകൊള്ളക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന സംശയത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും പരിശോധന തുടങ്ങി.
2020 മാർച്ച് 11ന് ശേഷമുള്ള സംസ്ഥാനത്തെ എല്ലാ മരംമുറിയും അന്വേഷിക്കാനാണ് വനംവകുപ്പ് നിർദേശം. ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒമാരായ ഷാനവാസ്, രാജു കെ ഫ്രാന്‍സിസ്, ധനേഷ് കുമാർ, ആസിഫ്, അനീഷ് സി പി എന്നിവർക്കാണ് അഞ്ച് സംഘങ്ങളുടെ നേതൃത്വം. അന്വേഷണത്തിന്‍റെ സംസ്ഥാന തല ഏകോപനം വിജിലന്‍സിന്‍റെയും ഫോറസ്റ്റ് ഇന്‍റലിജന്‍സിന്‍റെയും ചുമതലയുള്ള ചീഫ് ഫോസ്റ്റ് കണ്‍സർവേട്ടർ ഗംഗാ സിങ്ങിനാണ്. ഓരോ സംഘത്തിനും അന്വഷണത്തിനായി ജില്ലകള്‍ വിഭജിച്ച് നല്‍കിയിട്ടുണ്ട്. ഈ മാസം 22ഓടെ റിപ്പോർട്ട് നല്‍കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്.
ഇതിനിടെ വയനാട് കളക്ടറുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് മരംകൊള്ളക്ക് കാരണമായതെന്ന വിവരവും പുറത്തു വന്നു. മരംമുറിക്ക് അനുമതി നല്‍കികൊണ്ടുള്ള റവന്യു വകുപ്പ് ഉത്തരവ് വനംകൊളളക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഡിസംബർ 15നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണർക്ക് കളക്ടർ അദീല അബ്ദുല്ല കത്ത് നല്‍കിയത്.
മുട്ടിലിൽ നിന്നും മുറിച്ച ഈട്ടി മരങ്ങൾ കണ്ടുകെട്ടാനും വനംവകുപ്പ് നടപടി ആരംഭിച്ചു. 15 കോടിയുടെ ഈട്ടി മരങ്ങള്‍ ഒരു മാസം അപ്പീൽ കാലാവധി നൽകിയ ശേഷം ലേലം ചെയ്യും. മരംമുറിയുമായി ബന്ധപ്പെട്ട് മരം കൊള്ളക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന സംശയത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും പരിശോധന തുടങ്ങി. വനം റവന്യു ഉദ്യോഗസ്ഥരുടെ പണം ഇടപാടുകളാണ് ആദ്യം പരിശോധിക്കുക. അസ്വാഭാവികത കണ്ടെത്തിയാല്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലേക്ക് പോകും.