India
Flash floods in Sikkim,  soldiers are missing, പ്രളയം, സിക്കിമിലെ മിന്നൽ പ്രളയം, സൈനീകർ, ഏറ്റവും പുതിയ മലയാളം വാർത്ത
India

സിക്കിമിലെ മിന്നൽ പ്രളയം; മരണം അഞ്ചായി; സൈനികരടക്കം 29 പേരെ കാണാനില്ല

Web Desk
|
4 Oct 2023 11:04 AM GMT

വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനമാണ് വെള്ളപ്പൊക്കത്തിന് കാരണമായത്

ഗാങ്ടോക്ക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ കാണതായവരിൽ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ടീസ്ത ബാരേജിന് സമീപം കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 23 സൈനികരടക്കം 29 പേരെയായിരുന്നു പ്രളയത്തിൽ കാണാതായത്. മലയാളികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേർ വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്നുമുണ്ട്. ദുരന്ത നിവാരണ സേയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.


ചൊവ്വാഴ്ച രാത്രി സിക്കിമിലെ ലാചെൻ താഴ്‌വരയിലെ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കെത്തെ തുടര്‍ന്ന് വന്‍നാശനഷ്ടമുണ്ടായിരുന്നു. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനമാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി, ജലനിരപ്പ് താഴേക്ക് 15-20 അടി വരെ ഉയരാൻ കാരണമായി.

സിംഗ്താമിന് സമീപമുള്ള ബർദാംഗിൽ പാർക്ക് ചെയ്തിരുന്ന സൈനിക വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.ലാച്ചൻ താഴ്‌വരയിലെ നിരവധി സൈനിക സ്ഥാപനങ്ങൾക്കും വെള്ളപ്പൊക്കം നാശം വിതച്ചിട്ടുണ്ട്. നാശനഷ്ടത്തിന്‍റെ പൂർണ വ്യാപ്തി വിലയിരുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ ടീസ്റ്റ നദിക്കു കുറുകെയുള്ള മേല്‍പ്പാലം തകര്‍ന്നു.പശ്ചിമ ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 10 ന്‍റെ നിരവധി ഭാഗങ്ങൾ ഒലിച്ചുപോയി. നിരവധി റോഡുകള്‍ തകര്‍ന്നിട്ടുണ്ട്.

സിക്കിം സർക്കാർ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ടീസ്റ്റ നദിയുടെ പ്രദേശത്ത് നിന്നും വിട്ടുനിൽക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി.

Similar Posts