മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം; അന്വേഷണത്തിന് പ്രത്യേക സംഘം
|ക്രൈംബ്രാഞ്ച് എസ് പി പ്രദീപ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം അന്വേഷിക്കാൻ പ്രത്യേക സംഘം. ക്രൈംബ്രാഞ്ച് എസ് പി പ്രദീപ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വധശ്രമ ഗൂഢാലോചന ചുമത്തി. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു..പ്രതിഷേധക്കാര്‍ മദ്യം ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള പരിശോധന പൊലീസ് ഒഴിവാക്കി.
വിമാനത്തിൽ പ്രതിഷേധിച്ച അധ്യാപകന് ഫർസിൻ മജീദിനെ സ്കൂള്‍ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശത്തോടെ പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നേരെ പ്രതികള്‍ പാഞ്ഞടുത്തു. വിമാനത്തിന്റെ സുരക്ഷക്ക് മൂന്ന് പ്രതികളും ഭീഷണി ഉയര്‍ത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്ന് വിമാനകമ്പനിയും ആവശ്യപ്പെട്ടു. ഒളിവിലുള്ള മൂന്നാം പ്രതി സുനിത് കുമാറിനായി പൊലീസ് തിരച്ചില്‍ തുടങ്ങി. ഈ മാസം 27 വരെ റിമാന്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷയില്‍ നാളെ വഞ്ചിയൂര്‍ കോടതി വാദം കേള്‍ക്കും.