വിമാനത്തിലെ പ്രതിഷേധം; ശബരിനാഥനുമായി ആലോചിച്ചിരുന്നില്ലെന്ന് എൻ.എസ് നുസൂര്‍
|ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർക്കാണ് നുസൂർ മൊഴി നൽകിയത്
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയുടെ തീരുമാന പ്രകാരമെന്ന് എൻ.എസ് നുസൂറിൻ്റെ മൊഴി. ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർക്കാണ് നുസൂർ മൊഴി നൽകിയത്.
വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം ശബരിനാഥ് താനുമായി ആലോചിച്ച് ചെയ്തതല്ലെന്നും എൻ.എസ് നുസൂര്‍ പറഞ്ഞു. സംഘടനയില്‍ തനിക്കെതിരെയുള്ള നടപടിക്ക് വാട്ട്സ് ആപ്പ് ചോർച്ചയുമായി ബന്ധമില്ല. ചാറ്റ് ചോർത്തിയത് താനോ താനുമായി ബന്ധമുള്ള ഭാരവാഹികളല്ലെന്നും നുസൂര്‍ മൊഴി നല്‍കി. ചോര്‍ത്തിയ ആളുകളെ കുറിച്ച് പാര്‍ട്ടിയുടെ ദേശീയ-സംസ്ഥാന നേതാക്കളെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും നുസൂര്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസില്‍ വാട്‌സാപ്പ് സന്ദേശം ചോര്‍ത്തല്‍ ആരോപണം നിലനില്‍ക്കെയാണ് സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍.എസ് നുസൂര്‍, എസ്.എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കുന്നത്. സംഘടനാ അച്ചടക്കം ലംഘിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ചൂണ്ടിക്കാട്ടിയാണ് ഇരുവരേയും ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതായി അറിയിച്ചത്.