അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്കം തുടരുന്നു; നിരണത്ത് നൂറിലേറെ വീടുകളിൽ വെള്ളം കയറി
|കാർഷിക മേഖലയിലുണ്ടായത് കനത്ത നഷ്ടം
മഴ മാറി വെയിലുദിച്ചിട്ടും ഒഴിയാത്ത ദുരിതത്തിലാണ് പത്തനംതിട്ട നിരണം നിവാസികൾ. പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ഇപ്പോഴും വെള്ളപ്പൊക്കം തുടരുകയാണ്. പ്രദേശത്തെ നൂറിലേറെ കുടുംബങ്ങളാണ് ഇതു മൂലം ദുരിതത്തിലായിരിക്കുന്നത്. അപ്പർ കുട്ടനാടൻ മേഖലയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നെല്ലാം വെള്ളമൊഴിഞ്ഞിട്ടും നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ഇപ്പോഴും വെള്ളപ്പൊക്കം തുടരുകയാണ്. 44 കുടുംബങ്ങളിലെ 127 പേരാണ് പഞ്ചായത്ത് പരിധിയിലെ അഞ്ച് ക്യാമ്പുകളിൽ കഴിയുന്നത്. നൂറിലേറെ വീടുകളിലായി മൂന്ന് ദിവസത്തോളമാണ് വെള്ളം തങ്ങി നിന്നത്. കുടുംബാരോഗ്യ കേന്ദ്രം, കൃഷിഭവൻ, മൃഗാശുപത്രി, പകൽവീട് തുടങ്ങിയ സ്ഥാപനങ്ങളിലും വെള്ളം കയറി.
വീയപുരം ലിങ്ക് ഹൈവേ, ഡക്ക് ഫാം-ആലുന്തുരുത്തി റോഡ്, തോട്ടടി-വട്ടടി റോഡ്, എസ്.ബി.ടി.-തോട്ടുമട റോഡ് തുടങ്ങിയ പ്രധാന വഴികളിൽ നിന്ന് ഇനിയും വെള്ളമൊഴിഞ്ഞിട്ടില്ല. ലിങ്ക് ഹൈവേയിൽ പഞ്ചായത്ത് മുക്ക് മുതൽ ആറിടത്ത് വെളളക്കെട്ടുണ്ട്. അപ്പർ കുട്ടനാട്ടിലെ ഏറ്റവും കൂടുതൽ പാടശ്ശേഖരങ്ങളുള്ള പ്രദേശമാണ് നിരണം. പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ എവിടെ ജലനിരപ്പ് ഉയർന്നാലും നിരണത്ത് വെള്ളം കയറാറുണ്ട്. അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം കാർഷിക മേഖലയെ അപ്പാടെ തകർക്കറുണ്ടെങ്കിലും പ്രദേശത്തെ ജനജീവിതത്തെ ഇത്രകണ്ട് ബാധിക്കുന്നത് ഈ വർഷമാണ്.
മഴമാറിയിട്ടും കുട്ടനാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ദുരിതമൊഴിഞ്ഞിട്ടില്ല. മുട്ടാർ പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പാടത്തെ വെള്ളക്കെട്ട് കർഷകരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിത്തിറക്കേണ്ട സമയത്തും പാടമേത്, തോടേതെന്നറിയാത്ത സ്ഥിതിയാണ് മുട്ടാറിൽ. മഴ തുടങ്ങിയാൽ ആദ്യം വെള്ളം കയറുന്ന കുട്ടനാടൻ ഗ്രാമമാണിത്. പമ്പ കരകവിഞ്ഞ് വെള്ളം കയറി, ദുരിതജീവിതം തുടങ്ങിയിട്ട് ആഴ്ചയൊന്ന് പിന്നിട്ടിട്ടും ഭൂരിഭാഗം പേരും ക്യാമ്പുകളിലാണ്. വീടുകളിലുള്ളവരുടെ ജീവിതം വെള്ളത്തിലുമാണ്. പുഞ്ചകൃഷിക്ക് നിലമൊരുക്കി വിത്തിറക്കേണ്ട സമയത്ത് ഇതിനു കഴിയാതിരിക്കുന്നത് നെൽകൃഷിയടക്കം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മഴമാറി വെയിൽ തെളിഞ്ഞതോടെ പ്രതീക്ഷയിലാണ് മുട്ടാർ വാസികൾ. മിക്കപ്രദേശങ്ങളിലുംനേരിയ തോതിൽ വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്.