സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു; വിലവർധന ജനങ്ങളെ അധികം പ്രയാസപ്പെടുത്തില്ല: ഭക്ഷ്യമന്ത്രി
|പരമാവധി നാല് രൂപയുടെ വില വർധന മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ. വിലവർധന ജനങ്ങളെ അധികം പ്രയാസപ്പെടുത്തില്ല. മാർക്കറ്റ് വിലയിൽനിന്ന് 35 ശതമാനം വിലക്കുറവിൽ 13 ഇന സബ്സിഡിയുള്ള സാധനങ്ങൾ നൽകും. പരമാവധി നാല് രൂപയുടെ വില വർധന മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
വിപണിവിലയുമായി താരതമ്യം ചെയ്ത് മൂന്നു മാസത്തിലൊരിക്കൽ വില കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. സപ്ലൈകോയുടെ നിസ്സഹായാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തും. മൂന്നു മാസത്തിലൊരിക്കൽ വിപണിവിലയുമായി താരതമ്യം ചെയ്യാൻ റിവ്യൂ മീറ്റിങ് ചേരും. വിതരണക്കാരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തും. 13 ഇന സാധനങ്ങൾക്ക് പുറമേ കൂടുതൽ ഉത്പന്നങ്ങൾ സബ്സിഡിയിലേക്ക് മാറ്റാൻ നിലവിൽ ആലോചനയില്ലെന്നും മന്ത്രി പറഞ്ഞു.
13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമാക്കി കുറയ്ക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. കഴിഞ്ഞ നവംബറിൽ സബ്സിഡി കുറയ്ക്കുന്നത് എൽ.ഡി.എഫ് പരിഗണിച്ചിരുന്നെങ്കിലും തിരക്കിട്ട് തീരുമാനം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വിദഗ്ധ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വില വർധിപ്പിക്കാൻ തീരുമാനിച്ചത്.